പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കല്‍.. വിവാഹ സര്‍ട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിര്‍ബന്ധം…




സ്‌പോര്‍ട്ടില്‍ ജീവിതപങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റോ ഭര്‍ത്താവും ഭാര്യയും ചേര്‍ന്നുള്ള ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിർബന്ധമാക്കി സർക്കാർ.പുതിയ പാസ്‌പോര്‍ട്ട് എടുക്കാനും നിലവിലുള്ളത് പുതുക്കാനും ഇത് ആവശ്യമാണെന്ന് പുതിയ ചട്ടത്തില്‍ പറയുന്നു.

ജീവിത പങ്കാളിയുടെ പേര് നീക്കണമെങ്കില്‍ കോടതിയില്‍ നിന്നുള്ള വിവാഹ മോചന ഉത്തരവ് നല്‍കണം. ജീവിത പങ്കാളിയുടെ മരണത്തെ തുടര്‍ന്നാണ് പാസ്‌പോര്‍ട്ടില്‍ നിന്ന് പേര് നീക്കം ചെയ്യുന്നതെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ജീവിത പങ്കാളിയുടെ പേര് മാറ്റിച്ചേര്‍ക്കാന്‍ പുനര്‍വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റോ പുതിയ ജീവിതപങ്കാളിക്കൊപ്പമുള്ള ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ സമര്‍പ്പിക്കേണ്ടതാണ്.

വനിതാ അപേക്ഷകരുടെ പേരില്‍ നിന്ന് പിതാവിന്റെയോ കുടുംബത്തിന്റെയോ പേരുമാറ്റി പങ്കാളിയുടെ പേര് ചേര്‍ക്കണമെങ്കിലും വിവാഹ സര്‍ട്ടിഫിക്കറ്റോ ഫോട്ടോ ചേര്‍ത്ത പ്രസ്താവനയോ സമര്‍പ്പിക്കണം. മാറ്റങ്ങള്‍ എല്ലാ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളിലും നിലവില്‍ വന്നതായി അധികൃതര്‍ അറിയിച്ചു.
Previous Post Next Post