ഇന്ദിര നഗറിൽ വ്ലോഗറായ അസമീസ് യുവതിയുടെ കൊലപാതകത്തിൽ പ്രതിയായ ആരവ് ഹനോയ് കർണാടകയിൽ അറസ്റ്റിൽ ബെംഗളുരുവിലെ ദേവനഹള്ളിയിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകം നടത്തിയ ശേഷം ആരവ് വാരാണസി വരെ എത്തിയെങ്കിലും പിന്നീട് ഇവിടെ നിന്ന് മടങ്ങി. തിരികെ വരും വഴി ഇയാൾ കണ്ണൂരിലെ തൻ്റെ വീട്ടിലേക്ക് ഫോൺ വിളിച്ചു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്. പകയെ തുടർന്നാണ് മായയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞതായാണ് വിവരം.
ജോലി അന്വേഷിച്ചാണ് കണ്ണൂർ തോട്ടട സ്വദേശിയായ ആരവ് ബെംഗളുരുവിൽ എത്തിയത്. ഡേറ്റിംഗ് ആപ്പ് വഴിയാണ് മായയെ ആരവ് പരിചയപ്പെട്ടത്. ആറ് മാസം മുൻപായിരുന്നു ഇത്. സുഹൃത്തുക്കളായതിന് ശേഷം ഇവർ സ്ഥിരമായി കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവർ തമ്മിൽ പലപ്പോഴായി വഴക്കുണ്ടായെന്ന് ആരവ് പറഞ്ഞതായി പൊലീസ് പറയുന്നു. ഈ വഴക്കാണ് മായയെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. സെപ്റ്റോ എന്ന ഓൺലൈൻ ഡെലിവറി ആപ്പ് വഴിയാണ് ആരവ് മായയെ കൊല്ലാൻ കയർ വാങ്ങിയത്. പിന്നീട് കത്തി ഉപയോഗിച്ച് നിരവധി തവണ മായയുടെ ശരീരത്തിൽ ഇയാൾ കുത്തി. കോടതിയിൽ ഹാജരാക്കിയ ശേഷം ആരവിനെ ബെംഗളുരു പൊലീസ് കസ്റ്റഡിയിൽ വാങ്ങി.