ബംഗളൂരു: അപ്പാർട്ട്‌മെൻ്റിൽ വച്ച് അസം സ്വദേശിനിയായ വ്ലോഗറെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആരവ് ഹനോയ് പിടിയിൽ. കീഴടങ്ങാൻ തയ്യാറാണെന്ന് പറഞ്ഞ് ആരവ് തന്നെയാണ് പൊലീസിനെ വിളിച്ചത്. തുടർന്ന് സ്ഥലത്തെ പൊലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ബംഗളൂരു പൊലീസ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ആരവിനെ ഉടൻ ബംഗളൂരുവിലെത്തിക്കും. ഒരു ഉത്തരേന്ത്യൻ സംസ്ഥാനത്തായിരുന്നു പ്രതി എന്നാണ് വിവരം.
21കാരനായ ആരവ് കണ്ണൂർ തോട്ടട സ്വദേശിയാണ്. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ വിദ്യാർത്ഥി കൗൺസലറായി ജോലി ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട 19കാരിയായ മായയുമായി ആറ് മാസത്തോളമായി ആരവ് പ്രണയത്തിലായിരുന്നു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഇരുവരുടേയും ബന്ധത്തിലെ പ്രശ്‌നങ്ങൾ കൊലപാതകത്തിലേക്ക് നയിച്ചതായി സൂചന.
ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഇന്ദിരാനഗർ സെക്കൻഡ് സ്റ്റേജിലെ റോയൽ ലിവിംഗ്‌സ് അപ്പാർട്ട്‌മെൻ്റിൽ മായയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ചിലും തലയിലും മുറിവുകളുണ്ടായിരുന്നു. നെഞ്ചിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണം. യുവതിയുടെ മൊബൈൽ ഫോണും മുറിയിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
23-ാം തീയതി വൈകിട്ടോടെയാണ് മായയും ആരവും മുറിയെടുത്തത്. ഞായറാഴ്ചയും തിങ്കളാഴ്ചയും മുറിയിൽ നിന്ന് ആറവ് ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ശേഷമാണ് പുറത്തുപോയത്. ഇതിനുപിന്നാലെ മുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരൻ മറ്റൊരു താക്കോൽ ഉപയോഗിച്ച് മുറി തുറന്നതോടെയാണ് യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം