കാത്തിരുന്ന വിധി ഒടുവിൽ യാഥാർത്ഥ്യമായി; റഹീമിനെ ജയില്‍ മോചിതനാക്കി നാടുകടത്താൻ റിയാദ് കോടതി ഉത്തരവിട്ടു




റിയാദ് : കാത്തിരുന്ന വിധി ഒടുവിൽ യാഥാർത്ഥ്യമായി. സൗദി ബാലൻ കൊല്ലപ്പെട്ട കേസില്‍ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിനെ ജയില്‍ മോചിതനാക്കി നാടുകടത്തണമെന്ന് റിയാദ് കോടതി ഉത്തരവിട്ടു.

ഇന്ന് രാവിലെ ആരംഭിച്ച നടപടിക്രമങ്ങള്‍ക്കൊടുവിലാണ് കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്. റിയാദ് ക്രിമിനല്‍ കോടതിയുടെ പുതിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇതോടെ മലയാളികള്‍ കാത്തിരുന്ന അബ്ദുറഹീമിന്റെ ജയില്‍ മോചനം ഉടൻ സാധ്യമാകും. 

കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുറഹീമിന് വധശിക്ഷയില്‍ നിന്ന് മോചനം ലഭിച്ചിരുന്നു. മരിച്ചയാളുടെ കുടുംബം ആവശ്യപ്പെട്ട ദിയാധനം നല്‍കിയതിനെ തുടർന്നാണ് വധശിക്ഷയില്‍നിന്ന് ഒഴിവാക്കിയത്. ദിയാധനമായി ആവശ്യപ്പെട്ട 1.5 കോടി റിയാല്‍ (34 കോടി രൂപ) ആണ് മലയാളികള്‍ ഒന്നാകെ ശേഖരിച്ച്‌ നല്‍കിയത്. തുടർന്നാണ് റഹീമിനായി സമർപ്പിച്ച അപേക്ഷയില്‍ ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയത്. ദിയാധനത്തിന് പുറമെ 7.5 ലക്ഷം റിയാല്‍ അഭിഭാഷകന് ഫീസിനത്തിലും നല്‍കി. ഇതോടെ പ്രൈവറ്റ് ഒഫൻസുമായി ബന്ധപ്പെട്ട കേസ് അവസാനിച്ചു. പബ്ലിക് ഒഫൻസുമായി ബന്ധപ്പെട്ട കേസാണ് കോടതി ഇന്ന് പരിഗണിച്ചത്. കൊലപാതകത്തിന് അഞ്ചുവർഷമാണ് സൗദിയില്‍ തടവുശിക്ഷയുള്ളത്. എന്നാല്‍ അബ്ദുറഹീം 18 വർഷം ജയിലിലായിരുന്നു.

വിധിപകർപ്പ് അപ്പീല്‍ കോടതിയും ഗവർണറേറ്റും അംഗീകരിച്ച ശേഷമായിരിക്കും ജയില്‍ മോചനം. ഒരു മാസമെങ്കിലും എടുക്കുന്ന നടപടിക്രമങ്ങള്‍ പൂർത്തിയാക്കി അബ്ദുറഹീമിനെ നാട്ടിലേക്ക് അയക്കും. 

കോടമ്ബുഴ കെഎംഒ യത്തീംഖാന സ്കൂള്‍ വാഹനത്തിലെ ഡ്രൈവറായിരുന്ന അബ്ദുല്‍ റഹീം 2006ലാണ് സൗദിയിലെത്തിയത്. ഒരു മാസം തികയുംമുമ്ബ് ഡിസംബർ 26ന് ജോലിക്കിടെ സ്പോണ്‍സറായ സൗദി പൗരൻ ഫായിസ് അബ്ദുല്ല അബ്ദുറഹിമാൻ അല്‍ ശഹ്രിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്
Previous Post Next Post