വിദേശത്തിരുന്ന് സിടിവി ദൃശ്യം കിട്ടാതെ വന്നപ്പോൾ വീട്ടുടമ അയൽക്കാരെ വിളിച്ചു…ഒടുവിൽ കണ്ടത് വീട്ടിലെ നിരീക്ഷണ ക്യാമറകളുടെ ഹാർഡ് ഡിസ്കുകൾ നീക്കം ചെയ്ത് മോഷണം



കൊല്ലം: അഞ്ചൽ കുരുവിക്കോണത്ത് ആളില്ലാത്ത വീടുകളിൽ മോഷണം. രണ്ട് വീടുകളിൽ നിന്നായി 14 പവൻ സ്വർണം കവർന്നു. വീട്ടിലെ നിരീക്ഷണ ക്യാമറകളുടെ ഹാർഡ് ഡിസ്കുകൾ നീക്കം ചെയ്തായിരുന്നു മോഷണം. സമീപത്തുള്ള മറ്റ് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
അഞ്ചൽ കുരുവിക്കോണം കളപ്പുരക്കൽ സണ്ണി ജോർജിന്റെ വീട്ടിൽ നിന്ന് 13 പവൻ സ്വർണ്ണമാണ് കവർന്നത്. എല്ലാ മുറികളിലെയും അലമാരകൾ കുത്തിത്തുറന്നു. സാധനങ്ങൾ എല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്. മോഷണ ദൃശ്യം ലഭിക്കാതിരിക്കാൻ വീട്ടിലെ സിസിടിവികളുടെ ഹാർഡ് ഡിസ്കുകളും മോഷ്ടിച്ചു കൊണ്ടു പോയി. വീട്ടുടമസ്ഥൻ വിദേശത്താണ്. ക്യാമറ ദൃശ്യങ്ങൾ കിട്ടാത്തതിനെ തുടർന്ന് സമീപത്തെ വീട്ടിൽ വിളിച്ചു പറഞ്ഞ് അന്വേഷിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്.

സമീപത്തു തന്നെയുള്ള രാജമണി എന്നയാളുടെ വീട്ടിലും മോഷണം നടന്നു. അടുക്കള ഭാഗത്തെ ജനൽ പൊളിച്ച് വാതിൽ തുറന്നാണ് അകത്തുകടന്നത്. ഇവിടെ നിന്നും ഒരു പവൻ സ്വർണ്ണവും 6000 രൂപയും മോഷ്ടിച്ചു. ഈ വീട്ടിലും ആളുണ്ടായിരുന്നില്ല. ഉടമ ബംഗളൂരുവിൽ ആയിരുന്നു. ഒരാളാണോ ഒന്നിൽ കൂടുതൽ പേർ ചേർന്നാണോ കവർച്ച നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടില്ല. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് അഞ്ചൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Previous Post Next Post