പാലക്കാട് ഉപതിരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനിടയിൽ വെണ്ണക്കര ഗവൺമെന്റ് സ്കൂളിൽ സംഘർഷം. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞതാണ് സംഘർഷത്തിലേക്ക് വഴി വച്ചത്. ബിജെപി പ്രവർത്തകരാണ് രാഹുലിനെ തടഞ്ഞത്. ബൂത്ത് സന്ദർശനത്തിന് എത്തിയതായിരുന്നു രാഹുൽ. ഇതിനിടയിൽ വെണ്ണക്കര ബൂത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ വാക്കേറ്റം ഉണ്ടായി. തോൽക്കാൻ പോകുന്നതിന്റെ പേടിയാണിത് എന്നാണ് രാഹുൽ പ്രതികരിച്ചത്.
പോളിങ് സ്റ്റേഷനകത്തേക്ക് പോകാനാണ് സ്ഥാനാർഥികൾക്ക് പാസ് നൽകുന്നത്. ഇവിടെ യുഡിഎഫിന് വലിയ ഭൂരിപക്ഷമുള്ള പ്രദേശമാണ്. വോട്ടർമാർ പരാതി പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് ഇവിടെയെത്തിയത്. ഞാൻ വരുന്നതിനു മുൻപ് ഇടതുപക്ഷ സ്ഥാനാർഥി ഇവിടെയെത്തി. അപ്പോൾ ബിജെപി പ്രവർത്തകർക്ക് പ്രശ്നമില്ല. രാഹുൽ പറഞ്ഞു.