മൂക്കുന്നിമലയിലെ ഫയറിങ് സ്റ്റേഷനിൽ പരിശീലനത്തിനിടയിൽ ഉന്നംതെറ്റി തെറിച്ച് പുറത്തേക്കുവീണ വെടിയുണ്ടകളെ ഭയന്ന് ഒരു നാട്. വീട്ടിലും റോഡിലും നിന്ന് വെടിയുണ്ട കണ്ടെത്തിയ സംഭവത്തിൽ മലയിൻകീഴ് പോലീസ് കേസെടുത്തു. ഇതോടെ മൂക്കുന്നിമലയിലെ സ്റ്റേഷനിൽ ഫയറിങ് പരിശീലനം താത്കാലികമായി നിർത്തിവെച്ചു.
വിളവൂർക്കൽ പൊറ്റയിൽ കാവടിവിളയിൽ ആനന്ദും കുടുംബവും താമസിക്കുന്ന വാടകവീടിനുള്ളിലാണ് കഴിഞ്ഞ ദിവസം ആളില്ലാത്ത സമയം വെടിയുണ്ട പതിച്ചത്. ഷീറ്റിട്ട വീടിന്റെ മേൽക്കൂര തുളച്ചാണ് വെടിയുണ്ട വീട്ടിലെ സോഫയിൽ വീണത്.
ഫയർ സ്റ്റേഷനിൽ ഉപയോഗിക്കുന്ന എസ്.എൽ.ആർ., ഇന്ത്യൻ എ.കെ.-47 ഇവയിൽ ഏതു തോക്കിൽ നിന്നുള്ളതാണ് വെടിയുണ്ടയെന്ന് സ്ഥരീകരിക്കാനായിട്ടില്ല. ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമേ ഇത് സ്ഥിരീകരിക്കാനാവൂവെന്ന് കാട്ടാക്കട ഡിവൈ.എസ്.പി. ഷിബു പറഞ്ഞു.