ഡൽഹി: അദാനിയുമായുള്ള രണ്ട് പദ്ധതികൾ കെനിയ റദ്ദാക്കിയതിന് പിന്നാലെ കൂടുതൽ രാജ്യങ്ങളും പിൻമാറുമെന്ന് റിപ്പോർട്ട്. കെനിയൻ വിമാനത്താവളത്തിൻ്റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിയും കെനിയയിൽ മൂന്ന് വൈദ്യുതി ലൈനുകൾ സ്ഥാപിക്കാനുള്ള കരാറും റദ്ദാക്കി. പ്രസിഡൻറ് വില്യം റൂട്ടോ ആണ് കെനിയൻ പാർലമെൻ്റിൽ ഈക്കാര്യം അറിയിച്ചത്. ഇരുപദ്ധതികളിലും മുപ്പത് വർഷത്തെ കരാറാണ് അദാനിയുമായി കെനിയ ഒപ്പിട്ടത്. അമേരിക്കയിലെ കേസിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. കേസിന് പിന്നാലെ അദാനി ഓഹരിയിലും വലിയ ഇടിവ് സംഭവിച്ചിരുന്നു.
അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് അദാനി പ്രതികരിച്ചിരുന്നു. ന്യൂയോർക്ക് കോടതിയാണ് ഗൗതം അദാനിക്കെതിരെ അഴിമതി ചുമത്തിയത്. ഊർജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ ലഭിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. രണ്ട് ബില്ല്യണിലധികം മൂല്യമുള്ള സൌരോർജ വിതരണ കരാറുകൾ നേടുന്നതിന് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 മില്യൺ അധിക തുക കൈക്കൂലി നൽകിയതാണു കുറ്റം.
കമ്പനി അഴിമതിരഹിത നയമാണ് സ്വീകരിക്കുന്നതെന്ന് യുഎസ് ഭരണകൂടത്തെയും നിക്ഷേപകരെയും അദാനി ഗ്രീൻ എനർജി ലിമിറ്റഡ് തെറ്റിദ്ധരിപ്പിച്ചു കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതിലും കോടതി നടപടി സ്വീകരിച്ചിട്ടുണ്ട്. വഞ്ചനയ്ക്കും തട്ടിപ്പിനുമാണ് അദാനി ഗ്രൂപ്പിനെതിരെ കേസെടുത്തത്.