സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്



കേരളത്തിൽ സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 6,935 രൂപയും പവന് 80 രൂപ കുറഞ്ഞ് 55,480 രൂപയുമായി. ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കൂടിയിരുന്നു. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,720 രൂപയിലെത്തി. മൂന്ന് ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപ ഇടിഞ്ഞ ശേഷമാണ് ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം ദൃശ്യമായത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് കഴിഞ്ഞദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.

യുഎസിൽ ഡോണൾഡ് ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെയാണ് രാജ്യാന്തര, ആഭ്യന്തരതലങ്ങളിൽ സ്വർണവില ഇടിഞ്ഞുതുടങ്ങിയത്. ട്രംപിന്റെ സാമ്പത്തികനയങ്ങൾ പൊതുവേ ഡോളർ, യുഎസ് സർക്കാരിന്റെ ട്രഷറി ബോണ്ട് യീൽഡ്, യുഎസ് ഓഹരി വിപണി, ക്രിപ്റ്റോകറൻസികൾ എന്നിവയ്ക്ക് ഗുണകരമാണെന്നാണ് വിലയിരുത്തൽ. ട്രംപിന്റെ വിജയശേഷം യുഎസ് ഡോളർ ഇൻഡെക്സ് 106ന് മുകളിലേക്കും ട്രഷറി ബോണ്ട് യീൽഡ് 4.5% നിലവാരത്തിലേക്കും ഉയർന്നിരുന്നു. ഏറെ മാസങ്ങൾക്ക് ശേഷമാണ് ഈ നേട്ടം.

യുഎസ് ഓഹരി വിപണികളും ക്രിപ്റ്റോകറൻസികളും മുന്നേറുകയാണ്. ഇത് സ്വർണനിക്ഷേപങ്ങളുടെ തിളക്കം കെടുത്തിയതും ഡോളറിന്റെ മൂല്യവർധനമൂലം സ്വർണം വാങ്ങുന്നത് ചെലവേറിയതാവുകയും ചെയ്തത് വിലയിറക്കത്തിന് വഴിവച്ചു. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറയ്ക്കുന്ന നടപടികളിലേക്ക് കടന്നത് കഴിഞ്ഞമാസങ്ങളിൽ രാജ്യാന്തര സ്വർണവിലയെ റെക്കോർഡ് ഉയരത്തിൽ എത്തിച്ചിരുന്നു. ഒക്ടോബർ അവസാനം വില ഔൺസിന് 2,790 ഡോളറായിരുന്നു.


Previous Post Next Post