ജനങ്ങള്‍ക്കു നല്‍കുന്ന വിവിധ സേവനങ്ങളുടെ ഫീസും റോയല്‍റ്റിയും പിഴയും ഉയര്‍ത്താന്‍ വകുപ്പു സെക്രട്ടറിമാര്‍ക്കു പൊതുഭരണവകുപ്പ് വീണ്ടും അനുമതി നല്‍കി. ഇതനുസരിച്ച് വകുപ്പുകള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങി. അച്ചടി വകുപ്പിന്റെ 39 സേവനങ്ങളുടെ ഫീസ് 10% ഉയര്‍ത്തി. ആഭ്യന്തരവകുപ്പിലെ പൊലീസ് സേവനങ്ങളുടെ നിരക്ക് ഏതാനും ആഴ്ച മുന്‍പു വര്‍ധിപ്പിച്ചതും ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. മറ്റു വകുപ്പുകളും ഉടന്‍ നിരക്കുവര്‍ധനയിലേക്കു കടക്കും.
വിവിധ വകുപ്പുകള്‍ 27,902 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്നു സിഎജി കണ്ടെത്തിയിരിക്കെയാണ്, വരുമാന വര്‍ധനയ്ക്കായി സര്‍ക്കാര്‍ വീണ്ടും ജനങ്ങളെ പിഴിയുന്നത്. ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന സര്‍ട്ടിഫിക്കറ്റ്, സിവില്‍ കേസുകളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന, പൊലീസ് വാഹനങ്ങളുടെ വാടക, പൊലീസുകാരുടെ സേവനം, മൈക്ക് ലൈസന്‍സ് ഫീസ് എന്നിങ്ങനെ 38 ഇനങ്ങളുടെ നിരക്ക് 50% വരെയാണ് ആഭ്യന്തര വകുപ്പ് ഉയര്‍ത്തിയത്. ക്വാറികളുടെ റോയല്‍റ്റി വര്‍ധിപ്പിച്ച വ്യവസായ വകുപ്പ്, വ്യവസായികളെ ബുദ്ധിമുട്ടിക്കുമെന്നതിനാല്‍ മറ്റു നിരക്കുകള്‍ വര്‍ധിപ്പിക്കാനില്ലെന്ന് അറിയിച്ചു. സിപിഐയുടെ വകുപ്പുകള്‍ നിരക്കുവര്‍ധനയിലേക്കു കടന്നിട്ടില്ല. എന്നാല്‍, എല്ലാവര്‍ക്കുംമേല്‍ സമ്മര്‍ദമുണ്ട്.