*കൊച്ചി* ജൈവ-അജൈവ മാലിന്യം ശേഖരിക്കുന്ന ഹരിതകർമസേനയുടെ സേവന നിരക്കുകൾ ഉയരും. ഇതു സംബന്ധിച്ച മാർഗരേഖയ്ക്ക് തദ്ദേശഭരണ വകുപ്പ് അംഗീകാരം നൽകി. അജൈവ മാലിന്യത്തിന്റെ അളവ് കൂടുന്നതനുസരിച്ച് സ്ഥാപനങ്ങളിൽനിന്ന് കൂടുതൽ തുക ഈടാക്കും. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ജൈവ മാലിന്യം ശേഖരിക്കുന്നതിന് കിലോയ്ക്ക് കുറഞ്ഞത് ഏഴ് രൂപയായി നിശ്ചയിച്ചു. സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് ഇതിനെക്കാൾ ഉയർന്ന നിരക്ക് നിശ്ചയിക്കാം. സേവനനിരക്ക് അഥവാ യൂസർ ഫീ നൽകാത്തവരിൽനിന്ന് കുടിശ്ശിക, വസ്തുനികുതി ഈടാക്കുന്നതിന് സമാനമായി ഈടാക്കാനും നിർദേശമുണ്ട്. മാർഗരേഖ സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങൾ ഉള്ളതിനാൽ കൂടുതൽ വ്യക്തത വരുത്തി തിരുത്തി ഇറക്കാനും ആലോചനയുണ്ട്.
യൂസർ ഫീയിലെ കുറഞ്ഞ നിരക്ക് മാത്രം നിശ്ചയിച്ച് ഉയർന്ന നിരക്ക് തദ്ദേശസ്ഥാപനങ്ങൾക്കു തീരുമാനിക്കാമെന്നത് നിരക്ക് വലിയ തോതിൽ ഉയരാനിട വരും എന്ന് അഭിപ്രായമുണ്ട്. ഉയർന്ന നിരക്കുകൂടി ഇതിൽ നിശ്ചയിച്ച് പുതിയ മാർഗരേഖ ഉടൻ ഇറങ്ങിയേക്കും.
ഹരിതകർമസേനാംഗങ്ങൾക്ക് മെച്ചപ്പെട്ട ഉപജീവനം ഉറപ്പുവരുത്തുന്നതിനായാണ് വകുപ്പ് നിരക്കുകൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം പുതിയ മാർഗ നിർദേശമിറക്കിയത്. വാതിൽപ്പടി അജൈവ മാലിന്യ ശേഖരണത്തിന്റെ യൂസർ ഫീ സ്ഥാപനങ്ങൾക്ക് നിലവിൽ പ്രതിമാസം 100 രൂപയാണ്. 13-ന് ഇറങ്ങിയ പുതിയ മാർഗനിർദേശമനുസരിച്ച് വലിയ അളവിൽ മാലന്യമുണ്ടാകുന്ന സ്ഥാപനങ്ങളിൽനിന്ന് പ്രതിമാസം അഞ്ച് ചാക്ക് വരെ (ചാക്കിന്റെ വലുപ്പം 65X80 സെ.മീ.) നൂറുരൂപയായിരിക്കും. ഇതിനുശേഷം വരുന്ന ഓരോ ചാക്കിനും നൂറുരൂപ വീതം
അധികമായി നൽകണം. ഓരോ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയ്ക്ക് അനുസരിച്ച് നിരക്ക് തദ്ദേശസ്ഥാപനങ്ങൾക്ക് നിശ്ചയിക്കാമെന്നും മാർഗനിർദേശത്തിലുണ്ട്.
അതേസമയം വീടുകളിൽനിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യത്തിന് നിലവിലെ നിരക്കായ പഞ്ചായത്തുകളിലെ പ്രതിമാസം 50 രൂപയും നഗരസഭകളിലെ 70 രൂപയും തുടരും. അതേസമയം വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ജൈവമാലിന്യം ശേഖരിക്കുന്നതിന് കിലോ അടിസ്ഥാനത്തിൽ നിരക്ക് കണക്കാക്കാനാണ് നിർദേശം.
ഇതുപ്രകാരം ഒരു കിലോയ്ക്ക് കുറഞ്ഞ തുക ഏഴ് രൂപയായി നിശ്ചയിച്ചു. ഇതിലും സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ച് തദ്ദേശസ്ഥാപനത്തിന് ഉയർന്ന നിരക്ക് നിശ്ചയിക്കാം. എന്നാൽ ചില പഞ്ചായത്തുകളിൽ പ്ലാസ്റ്റിക് അല്ലാതെ മറ്റൊന്നും ശേഖരിക്കുന്നില്ല എന്നും പഴയ തുണി, ചെരുപ്പുകൾ , കുപ്പി എന്നിവ വീടുകളിൽ കുന്നു കൂടി കിടക്കുകയാണെന്നും മാലിന്യങ്ങൾ കൊണ്ടുപോകാൻ വാഹനം ഇല്ല, സൂക്ഷിക്കാൻ സ്ഥലമില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് പഞ്ചായത്തുകൾ ഇവ ശേഖരിക്കാത്തത് എന്നും ജനങ്ങൾ പറയുന്നു. തങ്ങൾ നൽകേണ്ട ഫീസിന് കുറവ് ഒന്നും ഇല്ലാത്തതിനാൽ കിട്ടേണ്ട സേവനത്തിലും കുറവ് വരുത്തുന്നത് എന്തിനെന്നാണ് ഇവർ ചോദിക്കുന്നത്