ആലപ്പുഴ: സിപിഎമ്മിന് മത നിരപേക്ഷ സ്വഭാവം നഷ്ടപ്പെട്ടുവെന്ന് പാർട്ടി വിട്ട ജില്ലാ പഞ്ചായത്തംഗം ബിബിൻ സി ബാബു. സിപിഎം പാർട്ടി വർഗീയ ശക്തികളുടെ കയ്യിലാണ്. ആലപ്പുഴയിൽ വർഗീയ നിലപാടുള്ളവർ സിപിഎമ്മിനെ ഹൈജാക്ക് ചെയ്തു. വർഗീയവാദികളാണ് പാർട്ടിയെ നയിക്കുന്നത്. പരാതി കൊടുത്തിട്ടും നേതൃത്വം പരിഗണിച്ചില്ല. മോദിയുടെ വികസന നയം മാതൃകാപരമാണ്. സിപിഎമ്മിൽ ജി സുധാകരന്റെ അവസ്ഥ ദയനീയമാണ്. താൻ ഉടൻ ജില്ല പഞ്ചായത്ത് അംഗത്വം രാജി വെക്കും. ഇനി മത്സരിക്കാൻ ഇല്ലെന്നും ബിജെപി അംഗത്വമെടുത്ത ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചൂഗാണ് തിരുവനന്തപുരത്ത് ബിജെപി സംഘടനാപർവം നേതൃയോഗത്തിൽ ഷാൾ അണിയിച്ച് ബിബിനെ സ്വീകരിച്ചത്.
ആലപ്പുഴയിൽ നിന്ന് കൂടുതൽ സിപിഎം നേതാക്കൾ ഉടൻ ബിജെപിയിൽ എത്തുമെന്നായിരുന്നു കെ സുരേന്ദ്രൻ്റെ പ്രതികരണം. ജി സുധാകരന് അടക്കം അതൃപ്തിയിലാണ്. ചില മാലിന്യങ്ങൾ പോകുമ്പോൾ ബിജെപിയിലേക്ക് ശുദ്ധ ജലം വരുന്നു. വഖഫ് ഭൂമി പ്രശ്‌നത്തിൽ ബിജെപി വലിയ സമരം നടത്തും. ബിജെപിയെ മാധ്യമങ്ങൾ അപകീർത്തിപെടുത്തുകയാണ്. സംഘടനാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കള്ളക്കഥ പൊളിയും. മാധ്യമങ്ങൾക്ക് കുത്തിത്തിരിപ്പിന് അവസരം കിട്ടില്ല. വസ്‌തുതാ വിരുദ്ധ പ്രചാരണം നടത്തിയാൽ മാധ്യമങ്ങളെ കൈകാര്യം ചെയ്യുമെന്ന് വീണ്ടും കെ സുരേന്ദ്രൻ ഭീഷണിപ്പെടുത്തി. യുഡിഎഫിനെയും എൽഡിഎഫിനെയും മാധ്യമ മുന്നണിയെയും തോൽപിക്കുമെന്നും അദ്ദേഹം പറഞ്ഞു