പ്രധാനമന്ത്രിയുടെ “വിദ്യാലക്ഷ്മി” പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം



ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമായി പ്രധാനമന്ത്രിയുടെ വിദ്യാ ലക്ഷ്മി പദ്ധതി.
പണമില്ലാത്തതിനാൽ ഇനി ഉന്നത വിദ്യാഭ്യാസം മുടങ്ങില്ല; 3600 കോടി നീക്കിവെക്കും
ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികൾക്ക് ജാമ്യമോ ഈടോ ഇല്ലാതെ ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ ലഭ്യമാക്കുന്നതാണ് പദ്ധതി. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ, എൻഐആർഎഫ് റാങ്കിൽ ആദ്യ നൂറ് സ്ഥാനങ്ങളിൽ വരുന്ന സ്ഥാപനങ്ങളിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ബുധനാഴ്ചയാണ് പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതിക്ക് അംഗീകാരം നൽകിയത് . 2024-25 മുതൽ 2030-31 വരെ 7 ലക്ഷം പുതിയ വിദ്യാർത്ഥികളെ സഹായിക്കാൻ ലക്ഷ്യമിട്ടു കൊണ്ട് 3,600 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്.

പ്രാദേശിക ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വരെ വായ്പ നൽകാനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയിൽ 3% പലിശ സബ്‌സിഡിയും ഓരോ വർഷവും ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് ഇ-വൗച്ചറുകളും ഉൾപ്പെടും. കേന്ദ്ര ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ദേശീയ വിദ്യാഭ്യാസ നയം 2020-ൽ നിന്ന് വികസിപ്പിച്ചതാണ് ഈ പദ്ധതി. ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ട്യൂഷൻ ഫീസും കോഴ്‌സുമായി ബന്ധപ്പെട്ട ചെലവുകളും ഉൾക്കൊള്ളുന്ന വായ്പകൾ വിദ്യാർത്ഥികൾക്ക് ലഭിക്കുമെന്ന് ഉറപ്പാക്കലാണ് പദ്ധതിയുടെ ലക്‌ഷ്യം. ഡിജിറ്റൽ ആയ , സുതാര്യമായ, വിദ്യാർത്ഥി സൗഹൃദ സംവിധാനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുക.

മറ്റ് സർക്കാർ സ്‌കോളർഷിപ്പുകൾക്കോ ​​പലിശ ആനുകൂല്യങ്ങൾക്കോ ​​അർഹതയില്ലാത്ത എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മൊറട്ടോറിയം കാലയളവിൽ 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 3% പലിശ പിന്തുണ ലഭിക്കും.


Previous Post Next Post