ഫെൻഗൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ നാളെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ മൃത്യുഞ്ജയ് മോഹപത്ര അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കടൽ പ്രക്ഷുബ്ധമാകുമെന്നതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.
നിലവിൽ ചുഴലിക്കാറ്റ് ചെന്നൈയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിച്ച് വൈകുന്നേരത്തോടെ പുതുച്ചേരിഭാഗത്ത് തീരം തൊടും. 70 – 90 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. ശക്തമായ മഴ രാത്രിവരെ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 2, 3 തീയതികളിൽ അതിശക്തമായ മഴയ്ക്കും ഡിസംബർ 1 മുതൽ 4 തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തമിഴ്നാട്, തെക്കൻ ആന്ധ്ര തീരദേശ മേഖലയിൽ കനത്ത മഴ തുടരും. തമിഴ്നാട് വടക്കൻ മേഖലയിൽ നാളെയും ശക്തമായ മഴയുണ്ടാകുമെന്നും കടൽ പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പുണ്ട്. ചെന്നൈ, പുതുച്ചേരി, മഹാബലിപുരം നഗരങ്ങളിലുൾപ്പെടെ കനത്ത ജാഗ്രത പുലർത്തണം. കാര്യമായ നാശനഷ്ടങ്ങൾക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. ജനങ്ങൾ തീരദേശ മേഖലയിൽ സഞ്ചരിക്കരുതെന്നും നിർദേശമുണ്ട്.