സംസ്ഥാനത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റിന് ശ്രമം; തട്ടിപ്പ് സംഘത്തെ പൊളിച്ചടുക്കി വിദ്യാർത്ഥി





തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റിന് ശ്രമം നടന്നതായി റിപ്പോർട്ടുകൾ. ഒരു വിദ്യാർത്ഥിയെ കുടുക്കാനാണ് ശ്രമിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. ഏകദേശം ഒരു മണിക്കൂറോളം നേരം സൈബർ തട്ടിപ്പ് സംഘം വിദ്യാർത്ഥിയെ കുടുക്കാൻ ശ്രമിച്ചെങ്കിലും വലയിൽ വീഴാതെ വിദ്യാർത്ഥി തട്ടിപ്പ് സംഘത്തെ ഓടിച്ചു.
പേരൂർക്കട സ്വദേശി അശ്വഘോഷിനെയാണ് സൈബർ തട്ടിപ്പ് സംഘം കുടുക്കാൻ ശ്രമിച്ചത്. മുംബൈ സൈബർ ക്രൈം പോലീസെന്ന പേരിലായിരുന്നു തട്ടിപ്പിന് ശ്രമം നടത്തിയത്. ഒരു മണിക്കൂറിലേറെ ഡിജിറ്റൽ അറസ്റ്റിന് തട്ടിപ്പ് സംഘം ശ്രമിച്ചെങ്കിലും നടന്നില്ല.

തട്ടിപ്പ് സംഘത്തെ ക്യാമറയിൽ പകർത്തിയാണ് വിദ്യാർത്ഥി തട്ടിപ്പ് പൊളിച്ചത്. പിന്നാലെ തട്ടിപ്പ് സംഘം ഫോൺ വിളി അവസാനിപ്പിച്ച് ഓൺലൈനിൽ നിന്നും രക്ഷപ്പെടുകയായിരിന്നു.

എന്താണ് ഡിജിറ്റൽ അറസ്റ്റ്?


സൈബര്‍ തട്ടിപ്പുകളുടെ വലിയ ലോകത്തെ പുതിയ രീതിയാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആണെന്ന വ്യാജേന രംഗത്ത് വരുന്ന തട്ടിപ്പുകാര്‍ തങ്ങളുടെ ഇരകളെ കണ്ടെത്തി ഡിജിറ്റല്‍ അറസ്റ്റിന് വിധേയമാക്കുന്നു. ശേഷം അവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നു. പണം ലഭിക്കുന്നതോടെ ഇവർ മുങ്ങുന്നു. ഇതാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പെന്ന് പറയുന്നത്.

ഇത്തരത്തില്‍ നിരവധി പേർക്ക് പണം നഷ്ടമായിട്ടുണ്ട്. ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിലിരുന്ന് തട്ടിപ്പുകാര്‍ മൊബൈല്‍ സ്‌ക്രീനില്‍ ഇരകളെ തളച്ചിടുന്ന രീതിയാണിത്. വീഡിയോ കോളിലൂടെ ആളുകളെ തട്ടിപ്പിന് ഇരയാക്കുന്ന ഈ രീതി രാജ്യമൊട്ടാകെ വ്യാപിക്കുകയാണ് ഇവരുടെ രീതി. ഇവർ മനസിന്റെ താളം തെറ്റിക്കാന്‍ പലവഴികളും സാധ്യതകളും നോക്കും. തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത ചിന്തിക്കാനുള്ള സമയം ഇവര്‍ നമുക്ക് തരില്ല. ശേഷം പണം തട്ടിയ ഉടനെ ഇരുട്ടിലേക്ക് മറയുകയും ചെയ്യും.
Previous Post Next Post