തിരുവനന്തപുരം: സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു എന്നതിന് മറ്റൊരു തെളിവ് കൂടെ.സാധാരണക്കാരുടെ ആശ്രയമായ റേഷൻ കടകളെയാണ് ഇത്തവണ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് റേഷൻ വ്യാപാരികൾ. സെപ്തംബർ, ഒക്ടോബർ മാസത്തെ വേതനം റേഷൻ വ്യാപാരികൾക്ക് സർക്കാർ ഇതുവരെ നൽകിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് റേഷൻ ഡീലേഴ്സ് കോ ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് റേഷൻ കടകൾ അടച്ചിടും. സി.ഐ.ടി.യു അടക്കമുള്ള സംഘടനകൾ സമരത്തിൽ പങ്കെടുക്കും.
അതേസമയം, സി.പി.ഐ അനുകൂല സംഘടനയായ കെ.ആർ.ഇ.എഫ് ഉൾപ്പെടെ ചില സംഘടനകൾ സമരത്തിൽ നിന്ന് പിന്മാറിയിട്ടുണ്ട് . 47.95 കോടിയാണ് റേഷൻ വ്യാപാരികൾക്ക് സർക്കാർ നൽകാനുള്ളത്. അതേസമയം, ഈ സമരം കൊണ്ട് തീരുമാനമുണ്ടായില്ലെങ്കിൽ ജനുവരി ആറു മുതൽ അനിശ്ചിതകാല കടയടപ്പ് സമരം നടത്തുമെന്ന് കോ ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.