ആറു മാസത്തോളം നീണ്ട എഴുത്തുകുത്തുകൾക്കൊടുവിൽ, കൃഷിവകുപ്പിന്റെ ഈ സാമ്പത്തികശാസ്ത്രത്തിനു മുന്നിൽ ധനവകുപ്പ് സുല്ലിട്ടു. സ്വന്തമായി ഇന്നോവ ക്രിസ്റ്റതന്നെ വാങ്ങുന്നതിന് 18,93, 917 രൂപ അനുവദിച്ച് ഒടുവിൽ അവർ ഉത്തരവിട്ടു.
സ്വന്തമായുണ്ടായിരുന്ന കാറിന് വാർധക്യം ബാധിച്ചതോടെയാണ് പുതിയ കാർ വാങ്ങുന്നതിനെക്കുറിച്ച് കൃഷിവകുപ്പിനു കീഴിലെ കാർഷിക വിലനിർണയ ബോർഡ് ആലോചന തുടങ്ങിയത്.
കാർഷികവികസന നയരൂപവത്കരണത്തിനുള്ള പഠനങ്ങൾക്കായി നാടിന്റെ ഉൾപ്രദേശങ്ങളിലെ കർഷകരെയും ഉദ്യോഗസ്ഥരെയുമൊക്കെ കണ്ട് ബോർഡ് ദിനംപ്രതി ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് സങ്കല്പം. ഇതിനായി ഒഴിച്ചുകൂടാൻ പറ്റാത്ത നിരന്തര യാത്രകൾ ആവശ്യമാണുതാനും. എന്നാൽ, ധനവകുപ്പിന്റെ ‘വ്യയനിയന്ത്രണ ഉത്തരവ്’ ഉള്ളതിനാൽ കാർ വാങ്ങാൻ പണം കിട്ടില്ലെന്നായിരുന്നു മേലാവിലെ എഴുത്ത്.
എന്നാൽപ്പിന്നെ കാർ വാടകയ്ക്കെടുക്കാമെന്നായി. മാസം 1500 കിലോമീറ്റർ ഓടേണ്ടിവന്നാൽ 52,000 രൂപ ചെലവുവരുമെന്നായിരുന്നു അതിനു കിട്ടിയ മറുപടി. 1500 കിലോമീറ്ററിനു മുകളിൽ ഓടിയാൽ ഓരോ കിലോമീറ്ററിനും 18 രൂപ നിരക്കിൽ അധികം നൽകുകയും വേണം. അങ്ങനെ വന്നാൽ മാസച്ചെലവ് 90,000 രൂപ വരും. പന്ത്രണ്ട് മാസം കണക്കുകൂട്ടിയാൽ 10.8 ലക്ഷം രൂപ. ഈ കണക്കു കണ്ടതോടെ ആ ഫയലും പൂട്ടിക്കെട്ടി.
മാർക്കറ്റ് ഡിവലപ്‌മെന്റ് ഫണ്ടിൽനിന്ന് 20 ലക്ഷം എടുത്ത് കാർ വാങ്ങാനായി പുതിയ നീക്കം. പക്ഷേ, ധനവകുപ്പ് വഴങ്ങിയില്ല. മന്ത്രി പി.പ്രസാദും കെ.എൻ.ബാലഗോപാലും തലപുകഞ്ഞ് ആലോചിച്ചിട്ടും കാർ വാങ്ങാൻ പണമില്ലെന്ന കടുംപിടിത്തത്തിൽനിന്ന് ധനവകുപ്പ് അയഞ്ഞില്ല. എല്ലാ വഴിയും അടഞ്ഞതോടെ ഫയലും കത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസും ഉദ്യോഗസ്ഥർ കയറിയിറങ്ങി.
ധനവകുപ്പ് കനിയില്ലെന്നു വന്നതോടെ മന്ത്രിസഭായോഗത്തിന്റെ തീരുമാനത്തിനായി വിടാൻ മുഖ്യമന്ത്രി നിർദേശിച്ചു. ഒടുവിൽ കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭായോഗം കാർ വാങ്ങാനുള്ള പണത്തിന് അനുമതി നൽകിയതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ കാർഷിക വിലനിർണയ ബോർഡ്. സർക്കാരിന്റെ ഇ-മാർക്കറ്റ് പ്ലേസ് പോർട്ടൽ വഴി വേണം കാർ വാങ്ങാനെന്നാണ് നിർദേശം.