ആലപ്പുഴ: ജില്ലയിൽ ക്ഷയരോഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ രോഗം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് പ്രവർത്തനങ്ങൾ നടത്തും. ജില്ലയിലെ സ്കൂളുകൾ കേന്ദ്രികരിച്ചാണ് പ്രവർത്തനം നടത്തുക. 11 കുട്ടികളിലാണ് ഇതിനോടകം രോഗം കണ്ടെത്തിയത്. കൂടാതെ രണ്ടു വിദ്യാർത്ഥികൾ രോഗബാധയെ തുടർന്ന് മരണപ്പെട്ടു. കുട്ടികൾക്കോ വീട്ടിലുള്ള മറ്റംഗങ്ങൾക്കോ രോഗലക്ഷണമുണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിൽ പരിശോധനയ്‌ക്കെത്താൻ സ്‌കൂൾ അസംബ്ലിയിലൂടെ അറിയിക്കാനാണ് തീരുമാനം.
ക്രിസ്മസ് അവധികഴിഞ്ഞ് കുട്ടികൾ സ്‌കൂളിലെത്തിയാലുടൻ ഇതിനുള്ള പ്രവർത്തനം തുടങ്ങും. അടുത്തവർഷം മുതൽ ‘പ്രതീക്ഷ’ എന്ന പേരിൽ പ്രത്യേക പദ്ധതിയും ക്ഷയരോഗ നിർമാർജനത്തിനായി സ്‌കൂളുകളിൽ നടപ്പാക്കും. ശരീരഭാര സൂചിക (ബോഡി മാസ് ഇൻഡക്‌സ്) 18.5-ൽ താഴെയുള്ളവർ, മറ്റുരോഗങ്ങളുള്ളവർ എന്നിവരെ പരിശോധനയ്ക്കു വിധേയരാക്കും. ഇവരിൽ രോഗം പിടിപെടാൻ സാധ്യത കൂടുതലായതിനാലാണ് പരിശോധന നടത്തുന്നത്. ഇതേത്തുടർന്നാണ് ഈ വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകി പരിശോധന നടത്താൻ തീരുമാനിച്ചത്.
ശ്വാസകോശത്തെയാണ് പ്രധാനമായും ക്ഷയരോഗം ബാധിക്കുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ പടരുമെന്നതിനാലാണ് സ്‌കൂളുകളിലും നിരീക്ഷണം ഏർപ്പെടുത്തുന്നത്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വായു വഴി ഇത് പകരുന്നതിനാൽ സ്കൂളുകൾ വളരെ ജാഗ്രത പുലർത്തുണ്ട്. കൂടാതെ അനാഥ-അഗതി മന്ദിരങ്ങൾ, വിവിധ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചും പ്രവർത്തനങ്ങൾ നടത്തും. ആശമാരുടെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ നിന്നുള്ളവരുടെ വിവരം ശേഖരിക്കകയും, രോഗലക്ഷണമുള്ളവർക്ക് ജനകീയ ആരോഗ്യകേന്ദ്രങ്ങളിൽ പരിശോധന നൽകുകയും ചെയ്യും.
60 വയസ്സിനുമുകളിലുള്ളവർ, ശരീരഭാരസൂചിക 18.5-ൽ താഴെയുള്ളവർ, പ്രമേഹബാധിതർ, മദ്യപിക്കുന്നവർ, ക്ഷയരോഗ പശ്ചാത്തലമുള്ള കുടുംബങ്ങൾ, നേരത്തേ ക്ഷയരോഗം പിടിപെട്ടവരുള്ള കുടുംബങ്ങൾ, ചേരിയിൽ താമസിക്കുന്നവർ, തീരദേശവാസികൾ, ആരോഗ്യപ്രവർത്തകർ, ക്വാറി ജോലിക്കാർ, ആസ്തമയുള്ളവർ, വൃക്ക-കരൾ രോഗികൾ, പാലിയേറ്റീവ് രോഗികൾ, അതിഥിത്തൊഴിലാളികൾ, കോവിഡ് വന്നവർ തുടങ്ങിയവരുടെ പ്രത്യേക പട്ടിക തയ്യാറാക്കും. ക്ഷയരോഗം പെട്ടെന്നു പിടിപെടാൻ സാധ്യതയുള്ളതിനാൽ പട്ടികയിൽ ഉള്ളവരിൽ രോഗലക്ഷണമുള്ളവരെ കണ്ടെത്തി പരിശോധന നടത്താനാണ് തീരുമാനം.