ചേർത്തല: കളരി അഭ‍്യസിക്കാൻ വന്ന പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 12 വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് ചേർത്തല പോക്സോ അതിവേഗകോടതി. ചേർത്തലയിൽ താമസിച്ചിരുന്ന തിരുവനന്തപുരം നെയാറ്റിൻകര സ്വദേശി പുത്തൻ വീട്ടിൽ പുഷ്കരൻ (64) നെയാണ് കോടതി ശിക്ഷിച്ചത്. ചേർത്തല നഗരസഭ 24-ാം വാർഡിലെ വാടക വീട്ടിൽ മർമ-തിരുമ്മുകളരി പയറ്റ് സംഘം നടത്തിവരുകയായിരുന്നു ഇയാൾ.
ഇവിടെ കളരി അഭ‍്യസിക്കാനെത്തിയ പതിനാലുക്കാരനെ കളരി ആശാനായ പ്രതി കുഴമ്പിടാനെന്ന വ‍്യാജേന കളരിയോട് ചേർന്നുള്ള മറ്റൊരു മുറിയിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2022 ജൂണിലായിരുന്നു സംഭവം. മറ്റൊരു ദിവസവും ഇത് ആവർത്തിച്ചു.
തുടർന്ന് കളരിയിൽ പോകാൻ വിമുഖത കാട്ടിയ കുട്ടിയോട് മാതാപിതാക്കൾ വിവരം തെരക്കിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. ഒന്നിൽ കൂടുതൽ തവണ ഉപദ്രവിച്ചതിനും കുട്ടിയെ സംരക്ഷിക്കേണ്ടയാൾ ഉപദ്രവിച്ചതിനുമടക്കം വിവിധ വകുപ്പുകളിലായാണ് ശിക്ഷ. ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിക്കണം. കുട്ടി അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് സർക്കാരിനോട് കോടതി ശുപാർശ ചെയ്തു.