ഡോ.വന്ദന ദാസ് കേസ്: സാക്ഷി വിസ്താരം ഫെബ്രുവരി 12ന് ആരംഭിക്കും



കൊട്ടാരക്കര ഗവ. ആശുപത്രിയിൽ വെച്ച് കൊലചെയ്യപ്പെട്ട ഡോക്ടർ വന്ദനാ ദാസ് വധ കേസിലെ സാക്ഷി വിസ്താരം ഫെബ്രുവരി 12ന് ആരംഭിക്കും. വന്ദന കൊല ചെയ്യപ്പെട്ടപ്പോൾ കൂടെ ജോലി നോക്കിയിരുന്ന ഡോ.മുഹമ്മദ് ഷിബിനെയാണ് ആദ്യ ദിവസം വിസ്തരിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ സംഭവത്തിൽ വെച്ച് പരിക്ക് പറ്റിയവരെയും ദൃക്സാക്ഷികളായവരെയും ഉൾപ്പെടെയാണ് കോടതിയിൽ വിസ്തരിക്കുന്നത്. മാർച്ച് 5 വരെയുള്ള ഒന്നാം ഘട്ട വിചാരണയിൽ ആദ്യ അമ്പത് സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിക്കുന്നത്.

മുമ്പ് കോടതിയിൽ കേസ് വിചാരണക്കായി തീയതി നിശ്ചയിച്ച സമയത്താണ് പ്രതി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. തുടർന്ന് സുപ്രീം കോടതിയുടെ നിർദ്ദേശാനുസരണം നടന്ന പ്രതിയുടെ മാനസീക നില പരിശോധനയിൽ പ്രതിക്ക് വിചാരണ നേരിടാൻ മാനസീകമായി ബുദ്ധിമുട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ പ്രതി ബോധിപ്പിച്ചിരുന്ന ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. തുടർന്ന് കേസിലെ സാക്ഷി വിസ്താരത്തിനായി കേസ് ലിസ്റ്റ് ചെയ്യണമെന്നും കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ് ജി.പടിക്കൽ വിചാരണ നടക്കുന്ന കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ.പ്രതാപ് ജി.പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.

Previous Post Next Post