നഴ്‌സുമാരടക്കം 1425 മലയാളികൾ, കുവൈത്തിലെ ബാങ്കിനെ പറ്റിച്ച് 700 കോടി തട്ടിയെന്ന് റിപ്പോർട്ട്, അന്വേഷണം


കുവൈറ്റിൽ ബാങ്കിനെ കബളിപ്പിച്ച് 700 കോടി തട്ടിയെന്ന പരാതിയിൽ 1425 മലയാളികൾക്കെതിരെ അന്വേഷണം. ഗൾഫ് ബാങ്ക് കുവൈത്തിനെയാണ് കബളിപ്പിച്ചത്. കോടികൾ ലോണെടുത്ത് മുങ്ങിയെന്ന ബാങ്കിന്റെ പരാതിയിലാണ് നടപടി. ഇതുപ്രകാരം കേരളത്തിൽ 10 കേസുകൾ രജിസ്റ്റർ ചെയ്തു. 50 ലക്ഷം മുതൽ 2 കോടി വരെയാണ് പലരും ലോണെടുത്ത്.ബാങ്കിൽ നിന്ന് ലോൺ എടുത്തശേഷം അവിടെ നിന്ന് മുങ്ങിയവർക്കെതിരെയാണ് അന്വേഷണം. കുവൈറ്റിലെ മിനിസ്ട്രി ഓഫ് ഹെൽത്തിൽ നഴ്സുമാരായി ജോലി ചെയ്തിരുന്ന എഴൂനൂറോളം പേർ കുറ്റം ആരോപിക്കപ്പെട്ടവരിൽ ഉണ്ട്. അൻപത് ലക്ഷം മുതൽ രണ്ട് കോടി രൂപവരെയാണ് പലരും ലോൺ എടുത്തത്. കുവൈത്ത് വിട്ട പലരും പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് പോയി.

കബളിപ്പിച്ചെന്ന് തിരിച്ചറിഞ്ഞ പത്തുപേർക്കെതിരെയാണ് നിലവിൽ കേസ് എടുത്തത്. ബാങ്ക് അധികൃതർ കേരളത്തിലെത്തി ഉന്നത പൊലീസുദ്യോഗസ്ഥരെ കണ്ടതിന് പിന്നാലെയാണ് ഡിജിപി നിർദ്ദേശിച്ച പ്രകാരം കേസെടുത്തിരിക്കുന്നത്. ഒരു മാസം മുൻപാണ് ഗൾഫിൽ നിന്ന് ബാങ്ക് തട്ടിപ്പിൽ വിവരം കേരള പൊലീസിനെ അറിയിച്ചത്. കഴിഞ്ഞ മാസം അഞ്ചാം തീയതി ബാങ്ക് പ്രതിനിധികൾ കേരളത്തിലെത്തി സംസ്ഥാന എഡിജിപി മനോജ് എബ്രഹാമിനെ കണ്ടു. തട്ടിപ്പ് നടത്തിയവരുടെ വിലാസമടക്കം നൽകിയാണ് പരാതി. തട്ടിപ്പ് നടത്തിയവരിൽ കുവൈത്തിലെ സർക്കാർ ഉദ്യോഗസ്ഥരായ മലയാളികളുണ്ട്
Previous Post Next Post