നോസ്ട്രഡാമസ് പ്രവചനങ്ങള്‍ ഇന്നും പലരും ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. ഫ്രഞ്ച് ജ്യോതിഷനും തത്വചിന്തകനുമായ നോസ്ട്രഡാമസ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടത്തിയ പ്രവചനങ്ങളില്‍ വിശ്വസിക്കുന്നവരും നിരവധിയാണ്. 1555ല്‍ പുറത്തുവന്ന അദ്ദേഹത്തിന്റെ ‘ലെസ് പ്രൊഫറ്റീസ്’ എന്ന പുസ്തകത്തിലാണ് വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ലോകത്ത് എന്ത് സംഭവിക്കുമെന്ന പ്രവചനങ്ങളുള്ളത്. 942 പ്രവചനങ്ങള്‍ പുസ്തകത്തിലുണ്ട്. ഈ പ്രവചനങ്ങളില്‍ പലതും പില്‍കാലത്ത് ലോകത്ത് സംഭവിച്ചതോടെ നോസ്ട്രഡാമസ് പ്രവചനങ്ങള്‍ വിശ്വസിക്കുന്നവരും ഏറെയായി.
2025ല്‍ ഛിന്നഗ്രഹങ്ങളുടെ കൂട്ടയിടിക്ക് ലോകം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നത് മുതല്‍, യുകെയില്‍ ഒരു മഹാമാരി പടര്‍ന്ന് പിടിക്കുമെന്ന് വരെയാണ് നോസ്ട്രഡാമസിന്റെ പ്രവചന പുസ്തകത്തിലുള്ളത്. ലോകത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു യുദ്ധം തുടരുമെന്നും എന്നാല്‍ 2025, ഏറെ നാളായി തുടരുന്ന ഒരു സംഘര്‍ഷത്തിന്റെ അവസാനത്തിന് സാക്ഷ്യം വഹിച്ചേക്കാമെന്നും പ്രവചനത്തിലുണ്ട്. ‘നീണ്ട യുദ്ധം കൊണ്ട് സൈനികര്‍ ക്ഷീണിതരാകും. യുദ്ധങ്ങള്‍ക്കായി പണം കണ്ടെത്താനാകാതെ വരും’, എന്നാണ് നോസ്ട്രഡാമസ് പറഞ്ഞത്. 2025ല്‍ ഇംഗ്ലണ്ടില്‍ അതിമാരകമായ ഒരു മഹാമാരി പടര്‍ന്നുപിടിക്കുമെന്ന് പ്രവചനമുണ്ട്. ഭൂമിക്ക് അഭിമുഖമായി ഒരു ഭീമാകാരമായ ഛിന്നഗ്രഹമെത്തുമെന്നും, ഛിന്നഗ്രഹ കൂട്ടയിടിക്ക് വരെ സാധ്യതയുണ്ടെന്നും നോസ്ട്രഡാമസ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഭൂമിക്ക് അഭിമുഖമായി ഛിന്നഗ്രഹങ്ങള്‍ വരുന്നതില്‍ ആശങ്ക വേണ്ടതില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ഓരോ വര്‍ഷവും നിരവധി ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ മറികടന്നുപോകുന്നുണ്ട്. ഇവയെല്ലാം ഭൂമിയില്‍ നിന്ന് സുരക്ഷിത അകലം പാലിച്ചാണ് കടന്നുപോകുന്നത്. ബ്രസീലില്‍ അടുത്ത വര്‍ഷം ഗുരുതരമായ വെള്ളപ്പൊക്കവും അഗ്നിപര്‍വത സ്‌ഫോടനങ്ങളും ഉണ്ടായേക്കാം, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാകും ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുകയെന്നും പ്രവചനത്തിലുണ്ട്.