കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപരന്ത്യവും 20 ലക്ഷം രൂപാ പിഴയും.


കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും, മാതൃസഹോദരനെയും വെടിവെച്ചു വന്ന കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും, 20 ലക്ഷം രൂപ പിഴയും. സ്വത്തുതർക്കത്തെ തുടർന്നാണ് ഇയാൾ സഹോദരനെയും അമ്മാവനെയും വെടിവെച്ചു കൊലപ്പെടുത്തിയത്. കോട്ടയം  അഡീഷണൽ ജില്ലാ കോടതി II ( സൂര്യനെല്ലി സ്പെഷ്യൽ കോടതി) ജഡ്ജ് ശ്രീ ജെ.നാസർ ആണ് വിധി പ്രസ്താവിച്ചത്. ഇരട്ട ജീവപര്യന്തം കൂടാതെ Arms ആക്ട്, ഭവനഭേദനം, ആയുധം കാണിച്ച് ഭീഷണിപ്പെടുത്തൽ എന്നി വകുപ്പുകൾ പ്രകാരം എട്ട് വർഷവും, മൂന്നുമാസവും അധികതടവും അനുഭവിക്കണം. കൊലപാതകം നടന്ന് 85 ദിവസത്തിനകം തന്നെ പോലീസ് കുറ്റപത്രം സമർപ്പിച്ച ഈ കേസിൽ അന്നത്തെ കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഓ ആയിരുന്ന റിജോ. പി. ജോസഫ്, മുണ്ടക്കയം എസ്.എച്ച്. ഓ ആയിരുന്ന ഷൈൻകുമാർ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ആയിരുന്ന  ബാബുക്കുട്ടൻ എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ. കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിലെ സഹോദരനായ കൊല്ലപ്പെട്ട രഞ്ജു കുര്യനും പ്രതി ജോർജ് കുര്യനുമായി കാലങ്ങളായി നടന്നുവന്ന സ്വത്തു തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. 2022 മാർച്ച് 7നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി ബാംഗ്ലൂരിൽ താമസിക്കുന്ന സഹോദരിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റ് കേസിൽ നിർണായക തെളിവുകളായി മാറി. സഹോദരിയുമായി പ്രതി  നടത്തിയ വാട്സ്ആപ്പ് ചാറ്റുകളിൽ നിന്നും നാളെ ചിലത് സംഭവിക്കുമെന്നും അത് പത്രങ്ങളിൽ തലക്കെട്ട് ആകുമെന്നും പ്രതി സഹോദരിയോട് പറഞ്ഞിരുന്നു.  സംഭവ ദിവസം  പ്രതി ക്ലബ്ബിൽ നിന്നും മുന്നൊരുക്കത്തോടെ ബാഗിൽ 50 ബുള്ളറ്റുകളും തോക്കുമായി ബന്ധുവിന്റെ കാറിൽ തറവാട് വീട്ടിലേക്ക് പോന്നശേഷം  സഹോദരന്റെ വരവു കാത്ത് വഴിയിൽ കാർ പാർക്ക് ചെയ്ത് സഹോദരൻ വരുന്നത് ഒളിച്ചിരുന്ന് നിരീക്ഷിച്ചശേഷം സഹോദരനും അമ്മാവനും വീട്ടിലെത്തിയിയെന്ന് ഉറപ്പാക്കിയ ശേഷം അതിവേഗം കാറിൽ   വീട്ടിലെത്തി   മുറിയുടെ വാതുക്കൽ എത്തി തോക്ക് എടുത്ത് വെടിവെച്ചുകൊണ്ട് മുറിക്കകത്തേക്ക് കടക്കുകയായിരുന്നു. മാത്യൂസ് സ്കാറിയക്കും,രഞ്ജു കുര്യനും   ആദ്യ വെടി ഏൽക്കുകയും ആദ്യം ഹൃദയത്തിൽ വെടിയേറ്റ് രക്ഷപ്പെടാൻ ശ്രമിച്ച രഞ്ജു കുര്യനെ പുറകിൽ നിന്ന് വീണ്ടും വെടിവെക്കുകയും,ആദ്യ വെടി നെഞ്ചിൽ ഏറ്റ് ശ്വാസകോശം തകർന്ന് നിലത്ത് വീണ മാത്യുസ് സ്കറിയയുടെ അടുത്തുത്തെത്തി നെറ്റിയിൽ ചേർത്തുവച്ച് വീണ്ടും വെടിവയ്ക്കുകയായിരുന്നു. തുടർന്ന് പ്രതി രണ്ട് പേരുടെയും മരണം ഉറപ്പുവരുത്തുകയും, വെടിവെച്ച ശേഷം പുറത്തുവന്ന് തോക്ക് ചൂണ്ടി അവിടെയുണ്ടായിരുന്ന  വീട്ടിലെ വേലക്കാരി ഉൾപ്പെടെയുള്ള ആളുകളെ ഭീഷണിപ്പെടുത്തി വിരട്ടി ഓടിക്കുകയും ചെയ്തു. കേസിലെ ദൃക്സാക്ഷികളായ എസ്റ്റേറ്റിലെ റൈറ്റർ വിൽസൺ വീട്ടിലെ ഡ്രൈവർ മഹേഷിന്റെയും വീട്ടുജോലിക്കാരി സുജയുടെയും മൊഴികൾ കേസിൽ നിർണായകമായി. അതോടൊപ്പം പ്രതിയുടെ ഫോണിൽ നിന്ന് വാട്സാപ്പ് ചാറ്റുകളും മറ്റ് ശാസ്ത്രീയത്തെളിവുകളും, സാഹചര്യ തെളിവുകളും,ഹൈദരാബാദ് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ബാലിസ്റ്റിക് എക്സ്സ്പേർട്ടായ എസ്.എസ് മൂർത്തിയുടെ മൊഴിയും, അതേ ലാബിലെ  ഡോക്ടർ എ.കെ റാണ(ഡി.എൻ.എ) യുടെ മൊഴിയും കേസ് തെളിയിക്കുന്നതിന്  നിർണായകമായി.കേസിൽ പ്രതിയുടെ ഉറ്റ ബന്ധുക്കൾ കൂറു മാറിയെങ്കിലും വീട്ടിലെ ആശ്രിതരായിരുന്ന തൊഴിലാളികളുടെ മൊഴിയും, അതോടൊപ്പം സാഹചര്യ തെളിവുകളും, ശാസ്ത്രീയ തെളിവുകളും കൂട്ടിയിണക്കി നിസ്സംശയം പ്രതി തന്നെയാണ് കുറ്റം ചെയ്തതെന്ന് തെളിയിക്കുന്നതിന് പ്രോസിക്യൂഷന് സാധിച്ചു. കേസിൽ പ്രോസിക്യൂഷനു  വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സി.എസ് അജയൻ, അഡ്വ നിബുജോൺ, അഡ്വ സ്വാതി.എസ് ശിവൻ എന്നിവർ ഹാജരായി.
Previous Post Next Post