ദില്ലി: വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധാരണക്കാർക്ക് താങ്ങായി കേന്ദ്രസർക്കാർ. ഈടില്ലാതെ വീടു വയ്ക്കാൻ ആവശ്യമായ തുക വായ്പയായി നല്‍കുന്ന സേവനത്തിനാണ് കേന്ദ്രസർക്കാർ തുടക്കമിടുന്നത്.അപേക്ഷകർക്ക് ഇത്തരത്തില്‍ 20 ലക്ഷം രൂപ വരെ വീടുവയ്ക്കാനായി എടുക്കാം.
ഈട് വയ്ക്കാൻ വസ്തുവില്ലാത്തതിനാല്‍ വീടെന്ന സ്വപ്‌നം പലർക്കും ഉപേക്ഷിക്കേണ്ടതായി വന്നിട്ടുണ്ട്. ഈ അവസ്ഥ ഒഴിവാക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്. ഈടായി ഒന്നും നല്‍കാതെ തന്നെ വലിയ തുക വായ്പയായി ലഭിക്കുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. കുറഞ്ഞ ഡോക്യൂമെന്റേഷൻ ആണ് ഈ പദ്ധതിയുടെ മറ്റൊരു പ്രധാന ആകർഷണം. തിരിച്ചടവിന് 30 വർഷം വരെ സാവകാശം ഉണ്ട്;
രേഖാമൂലമുള്ള വരുമാനമോ, കുറഞ്ഞ അനുബന്ധ രേഖകളോ ഇല്ലാത്തവർക്ക് വീട് വാങ്ങാൻ ക്രെഡിറ്റ് ഈ പദ്ധതി ഉറപ്പാക്കുമെന്നാണ് വിവരം. വായ്പയ്ക്ക് അർഹമായ വരുമാനം, പ്രതിമാസ ഗഡു എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ ചർച്ച ചെയ്തുവരികയാണ്.
നഗര ഭവന നിർമ്മാണത്തിന് മിതമായ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിന് പലിശ സബ്‌സിഡി പദ്ധതി പ്രഖ്യാപിക്കുമെന്ന് ബജറ്റ് അവതരണ വേളയില്‍ കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം പുറത്തുവരുന്നത്