31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്…




സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പിലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകൾ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ 102 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു. ഇതില്‍ 50 പേര്‍ സ്ത്രീകളാണ്.

പാലക്കാട്ടെ ചാലിശ്ശേരി പഞ്ചായത്തിലെ ഒൻപതാം വാര്‍ഡില്‍ പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു യുഡിഎഫിലെ എ വി സന്ധ്യ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. 15 ൽ യുഡിഎഫിന് എട്ടും എൽഡിഎഫിന് ഏഴും സീറ്റുകളാണുള്ളത്. തച്ചൻപാറയില്‍ എൽഡിഎഫ് അംഗം രാജിവെച്ച് ബിജെപിയിൽ ചേര്‍ന്നതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. ഒരു സ്വതന്ത്രന്‍റെ പിന്തുണയോടെയാണ് ഇവിടെ എല്‍ഡിഎഫ് ഭരണം.

രണ്ടിടത്തും ഇരു മുന്നണികള്‍ക്കും നിര്‍ണായകമാണ് വിധി. പത്തനംതിട്ടയിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷനിൽ യുഡിഎഫ്‌ ബ്ലോക്ക്‌ പഞ്ചായത്തംഗത്തെ അയോഗ്യയാക്കിയതിനെ തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌. ഇവിടെ ജയിക്കുന്നവർക്ക് ഭരണം കിട്ടുമെന്നതിനാൽ നിർണായകമാണ്.
Previous Post Next Post