കണ്ണൂർ ജില്ലാ ബിൽഡിംഗ് മെറ്റീരിയൽസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സാമ്പത്തിക തിരിമറി. കണ്ണൂർ ചക്കരക്കല്ലിലെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള സൊസൈറ്റിയിലാണ് കോടികളുടെ ക്രമക്കേട് സഹകരണ വകുപ്പ് കണ്ടെത്തിയത്. 4 കോടിയോളം രൂപയാണ് തിരിമറി നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ നിക്ഷേപകർ പണം
ആവശ്യപ്പെട്ട് വരുമ്പോൾ ജീവനക്കാർ കൈമലർത്തുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്.
നിരവധി പേരാണ് ദിവസവും സഹകരണ സംഘത്തിലെത്തുന്നത്. നിക്ഷേപിച്ച പണം ചോദിക്കുമ്പോൾ ജീവനക്കാർ കൈ മലർത്തുന്ന സാഹചര്യമാണുള്ളത്. വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന ജില്ലാ ബിൽഡിംങ് മെറ്റീരിയൽസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സഹകരണ വകുപ്പിൻ്റെ സ്പെഷ്യൽ ഓഡിറ്റിംങിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്. 4 കോടിയോളമെന്നാണ് ഏകദേശ കണക്ക്. നിലവിൽ ഓഡിറ്റിംങ് തുടരുകയാണ്. ഇടപാടുകളുടെ കണക്ക് വിവരങ്ങൾ ഇതുവരെ കംപ്യൂട്ടർവത്കരണം നടത്തിയിട്ടുമില്ല. വിവരമറിഞ്ഞ് തുക പിൻവലിക്കാൻ നിക്ഷേപകരെത്തി. ബുധനാഴ്ച വന്നവരോട് ഡിസംബർ 31-ന് തുക നൽകാമെന്ന് പറഞ്ഞാണ് മടക്കിയത്. ഉറപ്പിനായി സെക്രട്ടറിയുടെ ഒപ്പും സീലും ചേർത്ത് എഴുതി തയ്യാറാക്കിയ കത്തും നൽകിയിട്ടുണ്ട്.
അധികൃതരുടെ ഭാഗത്ത് നിന്ന് കൃത്യമായ മറുപടി കിട്ടാത്തതോടെ പ്രതിഷേധം ഉണ്ടായി. ബാധ്യതകളിലേറെയും 2018 ന് മുൻപുള്ളതാണ്. വായ്പ, ചിട്ടി അടവുകൾ മുടങ്ങിയതും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. നിക്ഷേപകർക്ക് ഉടൻ തുക തിരിച്ച് നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് ഫൈസൽ നൽകുന്ന വിശദീകരണം. സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ കണക്കുകൾ വിശദമായി പരിശോധിച്ചു വരികയാണ്. ഓഡിറ്റ് റിപ്പോർട്ടും പുറത്ത് വരാനുണ്ട്.
സഹകരണ സംഘത്തിലെ സാമ്പത്തിക തിരിമറിയിൽ ഭരണസമിതി അംഗങ്ങൾക്കും പങ്കുണ്ടെന്നാണ് നിക്ഷേപകരുടെ സംശയം. ക്രമക്കേട് അന്വേഷിക്കാനായി ഡിസിസി രണ്ടംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്. മുൻ കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, സഹകരണവേദി സംസ്ഥാന സെക്രട്ടറി മുണ്ടേരി ഗംഗാധരൻ എന്നിവർക്കാണ് ചുമതല.