ഗാസയിൽ അഭയാർഥിക്യാംപിൽ ഇസ്രയേൽ ബോംബാക്രമണം; 66 മരണം


ജറുസലം: മധ്യഗാസയിൽ നുസുറത്ത് അഭയാർഥിക്യാംപിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 66 ആയി. അഭയകേന്ദ്രമായി പ്രവർത്തിച്ചിരുന്ന പോസ്റ്റ് ഓഫിസിലും പരിസരത്തെ വീടുകളിലുമാണ് വ്യാഴാഴ്ച ആക്രമണമുണ്ടായത്. 50 പേർക്കു പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ റഫയിലും ഖാൻ യൂനിസിലും ബോംബാക്രമണങ്ങളിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. 

ഗാസയിലേക്കു സഹായവുമായി പോകുന്ന ട്രക്കുകൾ കൊളളയടിക്കുന്നതു തടയാൻ ഹമാസ് നിയോഗിച്ച സുരക്ഷാഭടന്മാരാണു കൊല്ലപ്പെട്ടത്. കൊള്ളയടി തടയാനാണു ബോംബിട്ടതെന്നും ഹമാസാണു സഹായം തട്ടിയെടുക്കുന്നതെന്നും ഇസ്രയേൽ സൈന്യം ആരോപിച്ചു. വടക്കൻ ഗാസയിൽ ജബാലിയയിലെ അൽ ഔദ ആശുപത്രിയിലെ ഡോക്ടറായ സഈദ് ജുദേഹിനെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു. ആശുപത്രിയിലേക്കു പോകുന്ന വഴിക്കാണു സംഭവം. ഇതോടെ ഗാസയിൽ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയ ആരോഗ്യപ്രവർത്തകരുടെ എണ്ണം 1075 ആയി. ഗാസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 44,875 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,06,454 പേർക്കു പരുക്കേറ്റു.


Previous Post Next Post