ബഫര്‍സോണ്‍ മേഖലകളിലും ഉരുള്‍പ്പൊട്ടല്‍ സാധ്യത പ്രദേശങ്ങളിലും നിര്‍മ്മിച്ച റിസോര്‍ട്ടുകള്‍ പൊളിച്ചുമാറ്റാന്‍ വയനാട് സബ്കളക്ടറുടെ ഉത്തരവ്. അമ്പുകുത്തി, എടക്കല്‍ മലനിരകളില്‍ താഴ്വാരങ്ങളിലും പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളാണ് അനധികൃതമായി നിര്‍മ്മിച്ചതെന്ന് ഒടുവില്‍ സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാറുടെ നേതൃത്വലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധിച്ച് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സബ് കളക്ടറുടെ നടപടി. ഏഴ് റിസോര്‍ട്ടുകള്‍ പൊളിച്ചുമാറ്റണമെന്നാണ് ഉത്തരവിലുള്ളത്.
കഴിഞ്ഞ സെപ്തംബറില്‍ നടന്ന ജില്ല വികസന സമിതി യോഗത്തില്‍ വിഷയം ചര്‍ച്ചയായതിന് പിന്നാലെ പ്രദേശത്ത് നേരിട്ട് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുല്‍ത്താന്‍ബത്തേരി തഹസില്‍ദാര്‍, ജില്ല ജിയോളജിസ്റ്റ്, ഹസാര്‍ഡ് അനലിസ്റ്റ്, ജില്ല സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍, മൈനിങ് ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളിലും ഉയര്‍ന്ന അപകട മേഖലയുടെ 500 മീറ്റര്‍ ബഫര്‍ സോണിലുമാണ് 7 റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയത്.