പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി ആണ് പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾക്കും നവോദയ വിദ്യാലയങ്ങൾക്കും അനുമതി നൽകിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് കൂടാതെ അധ്യാപക ഉദ്യോഗാർത്ഥികൾക്കും ഏറെ ഗുണകരമായ തീരുമാനമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ഓരോ കേന്ദ്രീയ വിദ്യാലയത്തിലും 960 വിദ്യാർത്ഥികൾ ഉണ്ടാകുമ്പോൾ 63 പേർക്ക് അധ്യാപക, അനധ്യാപക തസ്തികതകളിൽ തൊഴിൽ ലഭിക്കുകയും ചെയ്യും. 5,388 നേരിട്ടുള്ള സ്ഥിരം തൊഴിലവസരങ്ങൾ ആണ് കേന്ദ്രസർക്കാരിന്റെ ഈ പുതിയ തീരുമാനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്.
ഏറ്റവും കൂടുതൽ കേന്ദ്രീയ വിദ്യാലയങ്ങൾ അനുവദിച്ചിരിക്കുന്നത് ജമ്മുകശ്മീരിനാണ്. ആകെ 13 കേന്ദ്രീയ വിദ്യാലയങ്ങളാണ് ഇവിടെ പുതുതായി ആരംഭിക്കുന്നത്. കേരളത്തിൽ തൊടുപുഴയിലാണ് പുതിയ കേന്ദ്രീയ വിദ്യാലയം അനുവദിച്ചിരിക്കുന്നത്. കേന്ദ്രീയ വിദ്യാലയങ്ങൾ കൂടാതെ നവോദയ വിദ്യാലയങ്ങളും കൂടുതലായി ആരംഭിക്കുന്നത് വിദ്യാർത്ഥികൾക്ക് ഏറെ ഗുണം ചെയ്യും.
പുതുതായി ആരംഭിക്കുന്ന ഓരോ നവോദയ വിദ്യാലയങ്ങളിലും 560 വിദ്യാർത്ഥികൾ വീതം ആയിരിക്കും ഉണ്ടായിരിക്കുക. 28 പുതിയ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെടുമ്പോൾ 15,680 വിദ്യാർത്ഥികൾക്ക് താമസ സൗകര്യത്തോടെയുള്ള വിദ്യാഭ്യാസം ലഭിക്കും. ഇതിലൂടെ 1,316 വ്യക്തികൾക്ക് നേരിട്ട് സ്ഥിരമായ തൊഴിൽ ലഭിക്കുകയും ചെയ്യുന്നതാണ്.