കോട്ടയം ലുലു മാളിനു മുന്നിൽ എംസി റോഡിലെ ഗതാഗത തടസ്സം: ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 850 മീറ്റർ സമാന്തര പാത എന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദ്ദേശം അംഗീകരിച്ച് ജില്ലാ വികസന സമിതി യോഗം; സ്ഥലം ഉടൻ ഏറ്റെടുക്കും



കോട്ടയത്ത് എം.സി. റോഡില്‍ മണിപ്പുഴ ഭാഗത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഈരയില്‍ക്കടവ് ബൈപാസിന്റെ തുടർച്ചയായി 850 മീറ്റർ നീളത്തില്‍ സ്ഥലം ഏറ്റെടുക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ അവതരിപ്പിച്ച ആവശ്യം കോട്ടയം ജില്ലാ വികസന സമിതി യോഗം അംഗീകരിച്ചു. മണിപ്പുഴയില്‍ ബൈപ്പാസ് ചേരുന്ന ഭാഗത്തു നിന്നും പോളിടെക്നിക് – പാക്കില്‍ റോഡിലെ ചമ്ബക്കര വർക്ക്ഷോപ്പിന് മുമ്ബില്‍ എത്തിച്ചേരുന്ന രീതിയിലാണ് നിർദ്ദിഷ്ട റോഡ്. പണി പൂർത്തിയായാല്‍ കോട്ടയം ടൗണില്‍ നിന്നും എം സി റോഡില്‍ കയറാതെ ചിങ്ങവനം എത്തിച്ചേരാനാവുമെന്നതാണ് ഗുണം.
റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കഞ്ഞിക്കുഴി മുതല്‍ കളക്ടറേറ്റ് വരെയും മണിപ്പുഴ മുതല്‍ മറിയപ്പള്ളി വരെയുമുള്ള ഭാഗത്തെ പതിനായിരത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം കിട്ടുന്നില്ലെന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ. ഉന്നയിച്ച പരാതിയില്‍ നടപടി നടപടി സ്വീകരിച്ചു വരുന്നതായി എൻ.എച്ച്‌. വിഭാഗം, വാട്ടർ അതോറിറ്റി എൻജിനീയർമാർ അറിയിച്ചു.ഇറഞ്ഞാല്‍-തിരുവഞ്ചൂർ റോഡില്‍ നടന്നിരുന്ന പൈപ്പിടല്‍ ജോലി പൂർത്തിയാക്കി കംപ്ലീഷൻ സർട്ടിഫിക്കറ്റ് നല്‍കിയാലുടൻ ടാറിങ്ങ് പ്രവർത്തിക്ക് സാങ്കേതികാനുമതി തേടുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.


കുമാരനല്ലൂരില്‍ പൈപ്പ് ഇടുന്നതിന് പൊളിച്ച റോഡ് പുനഃസ്ഥാപിച്ചപ്പോള്‍ നിലവാരമില്ലെന്ന പരാതിയുണ്ടെന്നും ഇത് പരിഹരിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ. പറഞ്ഞു. കോട്ടയം നഗരത്തിലെ ടി.ബി. റോഡ്, മാർക്കറ്റ് റോഡ്, എം.എല്‍. റോഡ്, പോസ്റ്റോഫീസ് റോഡ് എന്നീ റോഡുകളില്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് എം.എല്‍.എ. ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നല്‍കി.ഇറഞ്ഞാല്‍-തിരുവഞ്ചൂർ റോഡില്‍ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നത് പൂർത്തിയായതായും പരിശോധന പൂർത്തീകരിച്ച്‌ രണ്ടു ദിവസത്തിനകം പൊതുമരാമത്തുവകുപ്പിന് കൈമാറുമെന്നും വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.


Previous Post Next Post