വൈദ്യുതി നിരക്ക് വർധന: യുഡിഎഫ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്


തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധനയിൽ യുഡിഎഫ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്. നിരക്ക് വർധന പിൻവലിക്കാൻ സർക്കാർ അടിയന്തരമായി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ച സർക്കാർ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും പകൽക്കൊള്ളയുമാണ്. ബാധ്യത ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. സാധാരണക്കാരന് മേൽ സർക്കാരിന്റെ ഇരുട്ടടിയാണിത്. ഭരണത്തുടർച്ചയെ സർക്കാർ കാണുന്നത് ജനങ്ങളെ ദ്രോഹിക്കുന്നതിനുള്ള ലൈസൻസ് ആയാണെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.

‘അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വൈദ്യുതി ബോര്‍ഡിന് ഉണ്ടാക്കിയ ബാധ്യതയാണ് നിരക്ക് വര്‍ധനവിലൂടെ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്കു മേല്‍ കെട്ടിവച്ചിരിക്കുന്നത്. ജനജീവിതം ദുസഹമാക്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി തയാറാകണം.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ദീര്‍ഘകാല കരാര്‍ റദ്ദാക്കി അഴിമതിക്ക് ശ്രമിച്ചതാണ് ബോര്‍ഡിനുണ്ടായ അധിക ബാധ്യതയ്ക്ക് പ്രധാന കാരണം. യൂണിറ്റിന് നാലുരൂപ 29 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി എഴുവര്‍ഷമായി വാങ്ങിക്കൊണ്ടിരുന്നതാണ് കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ആറര മുതല്‍ പന്ത്രണ്ട് രൂപ വരെ നല്‍കേണ്ടി വന്നത്. ഇതിലൂടെ മൂവായിരം കോടിയുടെ അധിക ബാധ്യതയാണ് ബോര്‍ഡിനുണ്ടായത്. ഈ ബാധ്യത ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Previous Post Next Post