കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോഡിലേ​യ്ക്ക്



തിരുവനന്തപുരം:കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോഡിലേ​യ്ക്ക്. ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച്ച (ഡിസംബർ 23 ) ന് പ്രതിദിന വരുമാനം 9.22 കോടി രൂപ എന്ന നേട്ടത്തിലേക്കെത്തി. 2023 ഡിസംബർ 23 ന് നേടിയ 9.06 കോടി എന്ന റെക്കോഡാണിപ്പോൾ മറികടന്നത്.​ കൃത്യമായ പ്ലാനിങ് നടത്തിയും ജനോപകാരപ്രദമല്ലാത്തതും പ്രവർത്തന ചെലവ് പോലും കിട്ടാത്ത കടുത്ത നഷ്ട ട്രിപ്പുകൾ ഒഴിവാക്കിയുമാണ് ചെലവ് ചുരുക്കി നേട്ടം ഉണ്ടാക്കിയതെന്ന് ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ശബരിമല വരുമാനത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ ഗണ്യമായ കുറവ് ഉണ്ടായിട്ടും ആകെ വരുമാനത്തിൽ 20 ലക്ഷത്തോളം രൂപ അധികമായി ലഭിച്ചു. ശബരിമല സ്പെഷ്യൽ സർവിസിനൊപ്പം മറ്റ് സർവിസുകൾ മുടക്കമില്ലാതെ ഓപ്പറേറ്റ് ചെയ്തു. ​മുൻകൂട്ടി ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തി കൃത്യമായ പ്ലാനി​ങ്ങോടുകൂടി വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ അഡീഷണൽ സർവീസുകളും വീക്കെൻഡ് സർവീസുകളും ഓപ്പറേറ്റ് ചെയ്തു.

കൂടാതെ മന്ത്രിയുടെ നിർദേശപ്രകാരം ആരംഭിച്ച തിരുവനന്തപുരം - കോഴിക്കോട് - കണ്ണൂർ സർവീസുകൾ യാത്രക്കാർ ഏറ്റെടുത്തതും വരുമാന വർധനവിന് കാരണമായിട്ടുണ്ടെന്നും ഗതാഗതവകുപ്പ് അറിയിക്കുന്നു. കെഎസ്ആർടിസി മാനേജ്മെന്‍റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്‍റെ ഫലമായാണ് റിക്കാർഡ് വരുമാനം ലഭ്യമായത്. രാപകൽ വ്യത്യാസ​മി​ല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവക്കാരെയും കൂടാതെ സൂപ്പർവൈർമാരെയും ഓഫീസർമാരെയും ഗതാഗത വകുപ്പ് മന്ത്രിയും സിഎംഡിയും അഭിനന്ദിച്ചു.
Previous Post Next Post