സ്വകാര്യ മാലിന്യ കമ്പനിയിലെ സൂപ്പര്‍വൈസറാണ് നിഥിന്‍ ജോര്‍ജ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു സേലം സ്വദേശിയുടെ ലോറി പിടികൂടിയത്. കേസില്‍ നേരത്തെ തിരുനെല്‍വേലി സുത്തമല്ലി സ്വദേശികളായ മായാണ്ടി, മനോഹര്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു.
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെയും (ആര്‍സിസിസി) ഉള്ളൂര്‍ ക്രെഡന്‍സ് ആശുപത്രിയിലെയും മാലിന്യമാണ് തിരുനെല്‍വേലിയില്‍ തള്ളിയത്. നേരത്തെ അറസ്റ്റിലായ മായാണ്ടി ഇടനിലക്കാരനായി നിന്നാണ് കേരളത്തില്‍നിന്ന് മാലിന്യം എത്തിച്ചിരുന്നതെന്നാണ് നിഗമനം. മീന്‍ വ്യാപാരിയായ മനോഹര്‍ മായാണ്ടിയുടെ കൂട്ടാളിയാണ്. മാലിന്യം തള്ളിയ സംഭവത്തില്‍ 5 കേസുകളാണ് ഇതുവരെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തിരുനെല്‍വേലിയില്‍ തള്ളിയ മാലിന്യം കേരളത്തില്‍ കൊണ്ടു വന്ന് സംസ്‌കരിക്കും. ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മാലിന്യം നീക്കം ചെയ്യുക. ഇതിനുള്ള നടപടികള്‍ തുടങ്ങി. ഒരേസമയം ഏഴിടങ്ങളില്‍ നിന്നാണ് മാലിന്യം നീക്കം ചെയ്യുന്നത്. മാലിന്യം വേര്‍തിരിച്ചശേഷം ആശുപത്രി മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ലൈസന്‍സ് ലഭിച്ചിട്ടുള്ള രണ്ട് കമ്പനികള്‍ക്ക് നല്‍കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
നാലു പഞ്ചായത്തുകളിലായി ഏഴിടങ്ങളിലാണ് മാലിന്യം തള്ളിയത്. പ്ലാസ്റ്റിക് മാലിന്യം കഴിച്ച് മൂന്നു പശുക്കള്‍ ചത്തിരുന്നു. കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തതോടെ മാലിന്യം ജലാശയങ്ങളിലും കലരുന്ന അവസ്ഥയുണ്ടായി. ഇതേത്തുടര്‍ന്നാണ് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. വിഷയത്തില്‍ ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ പരിഗണിച്ച കേസ്, എത്രയും പെട്ടെന്ന് മാലിന്യം നീക്കാനും, നടപടി പുരോഗതി അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.