വീട്ടമ്മയുടെ മരണം: ചികിത്സാ പിഴവെന്ന് പരാതി, ആശുപത്രിക്കെതിരെ കേസെടുത്തു...



എറണാകുളം : ചെറായി സ്വദേശിയായ വീട്ടമ്മയുടെ മരണം ചികിത്സാ പിഴവ് മൂലമെന്ന പരാതിയുമായി കുടുംബം. എടവനക്കാട് ശ്രേയസ് ആശുപത്രിക്കെതിരെയാണ് കുടുംബത്തിന്‍റെ ആരോപണം. ഗർഭാശയത്തിലെ മുഴ നീക്കം ചെയ്തതിനു പിന്നാലെ ബിന്ദുവിന്‍റെ ആരോഗ്യസ്ഥിതി മോശമായെന്നും ആന്തരിക അവയവങ്ങൾക്ക് അണുബാധ ഉണ്ടായിട്ടും ആശുപത്രി അധികൃതർ അവഗണിച്ചെന്നുമാണ് പരാതി.

ഗർഭാശയത്തിലുണ്ടായ മുഴ മൂലം ഗർഭപാത്രം നീക്കം ചെയ്യാനാണ് ബിന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 21ആം തീയതി ശസ്ത്രക്രിയ കഴിഞ്ഞു. എന്നാൽ പിറ്റേന്ന് രാത്രി ശക്തമായ വയറുവേദനയും നെഞ്ചു വേദനയും അനുഭവപ്പെട്ടു. മക്കൾ ബിന്ദുവിന്‍റെ നില മോശമാണെന്ന് അറിയിച്ചിട്ടും ഡോക്ടർമാരോ നഴ്സുമാരോ നോക്കാൻ തയ്യാറായില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

പിറ്റേന്ന് ഡോക്ടർ വന്ന് ഗ്യാസ് ആണെന്നു പറഞ്ഞു മരുന്നുകൾ നൽകിയത് ആരോഗ്യസ്ഥിതി മോശമാക്കി. ആന്തരിക അവയവങ്ങൾക്ക് അണുബാധ ഉണ്ടായിട്ടും അവഗണിച്ചെന്നും ബന്ധുക്കൾ പറഞ്ഞു. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും ആശുപത്രി അധികൃതർ വൈകിപ്പിച്ചു എന്നും ആരോപണമുണ്ട്. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ബിന്ദുവിനെ മാറ്റിയെങ്കിലും വൈകാതെ മരിച്ചു. എന്നാൽ പിഴവ് പറ്റിയിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. ആശുപത്രിക്കെതിരെ മകൾ നൽകിയ പരാതിയിൽ മുനമ്പം പൊലീസ് കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.

Previous Post Next Post