ക്രിസ്‌മസ് ദിനത്തില്‍ സാന്താ ക്ളോസിന്റെ വേഷത്തിലെത്തിയ സൊമാറ്റോ ഡെലിവറി ഏജന്റിന്റെ വേഷം അഴിപ്പിച്ച് ഹിന്ദു സംഘടന. ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമത്തിലടക്കം പ്രചരിക്കുന്നുണ്ട്.
മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് ‘ഹിന്ദു ജാഗ്രണ്‍ മഞ്ച്’ എന്ന സംഘടനയാണ് ഡെലിവറി ഏജന്റിന്റെ സാന്താ ക്ളോസ് വേഷം അഴിപ്പിച്ചത്. ഹിന്ദു ജാഗ്രണ്‍ മഞ്ചിന്റെ ജില്ലാ കണ്‍വീനർ സുമിത് ഹർദ്ദിയ ആണ് ഡെലിവറി ഏജന്റിനെ ചോദ്യം ചെയ്തത്.
സാന്താ ക്ലോസിന്റെ വസ്ത്രം അണിഞ്ഞാണോ ഡെലിവറി ചെയ്യുന്നത് എന്ന് ചോദിച്ചായിരുന്നു സുമിത് ഏജന്റിന്റെ അരികിലെത്തിയത്. ഈ സമയം ബൈക്കില്‍ ഇരിക്കുകയായിരുന്നു സൊമാറ്റോ ജീവനക്കാരൻ. ചോദ്യത്തിന് ഏജന്റ് അതേയെന്ന് തലകുലുക്കി. ദീപാവലി ദിനത്തില്‍ രാമന്റെ വേഷത്തില്‍ പോകുമോ എന്നായിരുന്നു ഹിന്ദു സംഘടനാ നേതാവിന്റെ അടുത്ത ചോദ്യം. ഇല്ല, കമ്ബനിയാണ് സാന്താ ക്ളോസിന്റെ വേഷം നല്‍കിയത് എന്നായിരുന്നു ഏജന്റിന്റെ മറുപടി.