പത്തനംതിട്ട: നാടിനോടും വീടിനോടും അവസാനമായി യാത്രപറഞ്ഞ് ആ നാലുപേർ. എട്ടുവർഷക്കാലത്തോളം ഒന്നിച്ചുകണ്ട സ്വപ്നങ്ങളും ആഗ്രഹങ്ങളും ഭൂമിയിൽ ബാക്കിയാക്കി നിഖിലും അനുവും മറ്റൊരു ലോകത്തേക്ക് ഒന്നിച്ച് തന്നെ യാത്രയായി ഒപ്പം ഇരുവരുടെയും അച്ഛന്മാരും. കഴിഞ്ഞ ഞായറാഴ്ച മുറിഞ്ഞകല്ലിലുണ്ടായ വാഹനാപകടത്തിലാണു മല്ലശേരി പുത്തേതുണ്ടിയിൽ മത്തായി ഈപ്പൻ (65), മകൻ നിഖിൽ ഈപ്പൻ (30), ഭാര്യ മല്ലശേരി പുത്തൻവിള കിഴക്കേതിൽ അനു ബിജു (26), അനുവിന്റെ പിതാവ് ബിജു പി.ജോർജ് (51) എന്നിവർ മരിച്ചത്. പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ രണ്ട് കുടുംബ കല്ലറകളിലായി സംസ്കാരം നടന്നു. സെൻ്റ് മേരീസ് പള്ളി ഹാളിൽ നടന്ന പൊതുദർശനത്തിൽ നൂറുകണക്കിനാളുകളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോർജ് പള്ളിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.