ഇന്ത്യയിൽ അഞ്ചിലൊന്ന് പ്രസവവും സിസേറിയനിലൂടെയാണ് നടക്കുന്നതെന്ന് പഠനം. ലാൻസെറ്റ് റീജണൽ ഹെൽത്ത് സൗത്ത്-ഈസ്റ്റ് ഏഷ്യ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. സര്‍ക്കാര്‍ സംവിധാനത്തെക്കാൾ സ്വകാര്യ ആശുപത്രികളിലാണ് സിസേറിയൻ ശസ്ത്രക്രിയകൾ കൂടുതലും നടക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.ദേശീയ കുടുംബാരോഗ്യ സർവേയുടെ (2019- 2021) യുടെ അടിസ്ഥാനത്തില്‍ ന്യൂഡൽഹിയിലെ ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിൽ നിന്നുള്ള ഗവേഷകരാണ് വിശദമായ പഠനം നടത്തിയത്. 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നായി 15-49 വയസ് പ്രായമുള്ള 7.2 ലക്ഷത്തിലധികം സ്ത്രീകളുടെ പ്രസവ വിവരങ്ങൾ പഠനത്തില്‍ വിശകലനം ചെയ്തു.
സിസേറിയൻ ഡെലിവറി നിരക്ക് 21.5 ശതമാനമാകണമെന്നാണ് നിബന്ധന. എന്നാൽ ഇത് പല സംസ്ഥാനങ്ങളിലും പാലിക്കപ്പെടുന്നില്ലെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഡോക്ടര്‍മാര്‍ പൊതുവെ സിസേറിയന്‍ നിര്‍ദേശിക്കാറുള്ളത് അമ്മയുടെയോ നവജാതശിശുവിന്റെയോ മരണം തടയാനാണ്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ ഇങ്ങനെയല്ലാതെയും സിസേറിയന്‍ നടക്കുന്നതായാണ് ദേശീയ കുടുംബാരോഗ്യ സർവേ കണ്ടെത്തിയിരിന്നു.ഇന്ത്യയിലെ സമ്പന്നരും താഴ്ന്ന വരുമാനമുള്ളവരും സിസേറിയനായി സര്‍ക്കാര്‍ ആശുപത്രിയെക്കാള്‍ കൂടുതല്‍ ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്. പൊതു സംവിധാനങ്ങളെ വെച്ചു താരതമ്യപ്പെടുത്തുമ്പോൾ സ്വകാര്യ ഹെൽത്ത് കെയർ യൂണിറ്റുകൾക്കിടയിൽ സിസേറിയൻ നടത്താനുള്ള സൗകര്യങ്ങൾ കൂടുതലാണ്. ഈ സൗകര്യം സമ്പന്നരാണ് ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത സിസേറിയന്‍ ഡെലിവറി നിരക്കാണ് സര്‍വേയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നാഗലാന്‍ഡിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് (5.7 ശതമാനം). ഏറ്റവും കൂടുതല്‍ തെലങ്കാനയിലാണ്. 60 ശതമാനം വരെയാണ് ഇവിടെ നടക്കുന്ന സിസേറിയന്‍ ശസ്ത്രക്രിയയുടെ നിരക്ക്.വയറിലും ഗർഭപാത്രത്തിലും മുറിവുണ്ടാക്കി അതുവഴി കുഞ്ഞിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയയാണ് സിസേറിയൻ. സങ്കീർണതകളുള്ള ഗർഭധാരണം, സാധാരണ പ്രസവം നടക്കാൻ പ്രയാസം, കുഞ്ഞിന്റെ ആരോഗ്യ പ്രശ്നങ്ങൾ, കുഞ്ഞിന് അമിതഭാരം, തുടങ്ങിയ വിവിധ സന്ദർഭങ്ങളിളാണ് സിസേറിയൻ ചെയാറുള്ളത്. മുമ്പൊക്കെ കോട്ടൺ നൂലുകളിലുള്ള സ്റ്റിച്ചുകളാണ് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ അബ്സോർബബിൾ സ്റ്റിച്ചുകളാണ് ഉപയോഗിക്കുന്നത്. പുറത്ത് കാണാൻ സാധിക്കാത്ത രീതിയിലാണ് സ്റ്റിച്ച് ചെയ്യുക.