പ്രത്യേക സ്മാരകം: സംസ്‌കാരത്തിനു പിന്നാലെ വിവാദം




ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ ചിതയണയും മുൻപേ സംസ്കാരത്തെയും സ്മാരകത്തെയും ചൊല്ലി കോൺഗ്രസ്- ബിജെപി ഏറ്റുമുട്ടൽ. മൻമോഹന്‍റെ സംസ്കാരത്തിനും സ്മാരകത്തിനുമായി പ്രത്യേകം ഭൂമി അനുവദിക്കണമെന്ന കോൺഗ്രസിന്‍റെ ആവശ്യത്തെച്ചൊല്ലിയാണ് ഏറ്റുമുട്ടൽ. ഇക്കാര്യം ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം കോൺഗ്രസ് കേന്ദ്രത്തിനു കത്തുനൽകിയിരുന്നു. ‌എന്നാൽ, സംസ്കാരം നിഗംബോധ്ഘട്ടിൽ നടത്താമെന്നും സ്മാരകത്തിന് പിന്നീട് ഉചിതമായ സ്ഥലം കണ്ടെത്താമെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്‍റെ തീരുമാനം. പെട്ടെന്നു സ്ഥലം കണ്ടെത്തുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയ കേന്ദ്രം ട്രസ്റ്റ് രൂപീകരിച്ചശേഷം സ്ഥലം കൈമാറുമെന്നും അറിയിച്ചു.

സിഖുകാരനായ ആദ്യ പ്രധാനമന്ത്രിയുടെ സംസ്കാരം പൊതുശ്മശാനമായ നിഗംബോധ്ഘട്ടിൽ നടത്തി കേന്ദ്ര സർക്കാർ അദ്ദേഹത്തെ അപമാനിച്ചെന്ന് ആരോപിച്ച് സംസ്കാരച്ചടങ്ങിനുശേഷം കോൺഗ്രസ് രംഗത്തെത്തി. സംസ്കാരഭൂമിയിൽ തന്നെ സ്മാരകം നിർമിക്കുകയായിരുന്നു വേണ്ടതെന്നും മുൻ പ്രധാനമന്ത്രിമാർക്കെല്ലാം ഇത്തരത്തിലാണു സ്മാരകം സജ്ജമാക്കിയതെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

മൻമോഹന്‍റെ സംസ്കാര ദിനത്തിൽ തന്നെ കോൺഗ്രസ് രാഷ്‌ട്രീയം കളിക്കുകയാണെന്നു ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ തിരിച്ചടിച്ചു. ഓർഡിനൻസ് കീറിയെറിഞ്ഞ് മൻമോഹനെ ജീവിച്ചിരുന്നപ്പോൾ അപമാനിച്ചവരാണ് ഇപ്പോൾ രംഗത്തുവരുന്നതെന്നു രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി നേതാവ് സംബിത് പാത്ര പറഞ്ഞു. മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന് ഡൽഹിയിൽ സംസ്കാരം നിഷേധിച്ചവരാണ് സോണിയ ഗാന്ധിയും കോൺഗ്രസും. പ്രണബ് മുഖർജിയും ഡോ. രാജേന്ദ്ര പ്രസാദും സർദാർ വല്ലഭ് ഭായി പട്ടേലും ഉൾപ്പെടെ രാഷ്‌ട്ര നേതാക്കൾക്ക് മാന്യമായ അന്ത്യയാത്ര നിഷേധിച്ചവരാണ് കോൺഗ്രസ് നേതൃത്വവും ഗാന്ധി കുടുംബവുമെന്നും സംബിത് പാത്ര പരിഹസിച്ചു. ഡൽഹിയിൽ മുൻ പ്രധാനമന്ത്രിമാർക്ക് പ്രത്യേക സ്മാരകത്തിനായി സ്ഥലം അനുവദിക്കേണ്ടെന്നു തീരുമാനിച്ചത് മൻമോഹൻ സിങ്ങിന്‍റെ ഭരണകാലത്താണെന്നും ബിജെപി നേതൃത്വം തിരിച്ചടിച്ചു.


അതിനിടെ, കോൺഗ്രസിനെ പരിഹസിച്ച് മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠയും രംഗത്തെത്തി. പ്രണബ് മരിച്ചപ്പോൾ അനുശോചനം രേഖപ്പെടുത്താൻ പോലും പ്രവർത്തക സമിതി ചേർന്നില്ലെന്നു ശർമിഷ്ഠ. മുൻ രാഷ്‌ട്രപതിമാർക്ക് അനുശോചനം അർപ്പിക്കുന്നത് കോൺഗ്രസിൽ പതിവില്ലെന്നാണ് അന്നൊരു മുതിർന്ന നേതാവ് പറഞ്ഞത്. എന്നാൽ, കെ.ആർ.നാരായണൻ മരിച്ചപ്പോൾ പ്രവർത്തക സമിതി ചേർന്നിരുന്നു. അന്ന് അനുശോചന സന്ദേശം തയാറാക്കിയത് തന്‍റെ അച്ഛനായിരുന്നെന്ന് അദ്ദേഹത്തിന്‍റെ ഡയറിക്കുറിപ്പിൽ നിന്നു മനസിലാക്കിയെന്നും ശർമിഷ്ഠ.
Previous Post Next Post