മന്ത്രിമാര്‍ക്കെന്ത് ദു:ഖാചരണം!! ക്രിസ്മസ് പാപ്പാമാര്‍ക്കൊപ്പം ചുവടുവച്ച് മന്ത്രി രാജനും ബിന്ദുവും


മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തെ തുടര്‍ന്ന് ദേശീയ ദു:ഖാചരണം നടക്കുമ്പോള്‍ രണ്ട് സംസ്ഥാന മന്ത്രിമാര്‍ ആഘോഷപരിപാടിയില്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം. ഏഴു ദിവസത്തെ ദു:ഖാചരണം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് റവന്യൂ മന്ത്രി കെ രാജനും, ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവും ഇന്ന് തൃശൂരില്‍ ക്രിസ്മസ് പാപ്പാമാരുടെ ആഘോഷപരിപാടിയില്‍ പങ്കെടുത്തത്.


15000 ക്രിസ്മസ് പാപ്പാമാര്‍ പങ്കെടുത്ത മെഗാ ബോണ്‍ നത്താലെ  തൃശൂരിൽ നടന്നത്. ജില്ലയിലെ 107 ഇടവകകളില്‍ നിന്നുള്ള പാപ്പന്മാര്‍ പരിപാടിയുടെ ഭാഗമായി. 60 അടിയിലേറെ ഉയരമുള്ള ചലിക്കുന്ന ഏദന്‍ തോട്ടവും 21 നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരുന്നു. മുന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തെ തുടര്‍ന്ന് രാജ്യമാകെ ദുഖാചരണം നടക്കുമ്പോള്‍ ഇത്തരമൊരു പരിപാടി കത്തോലിക്കാ സഭ നടത്തിയതിന്റെ ഔചിത്യവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ബോണ്‍ നത്താലെ (Buon Natale) എന്ന ഇറ്റാലിയന്‍ വാക്കിന് ‘മെറി ക്രിസ്മസ്’ എന്നാണര്‍ത്ഥം. അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ ആശയമായാണ് 2013ല്‍ ബോണ്‍ നത്താലെ തൃശൂര്‍ നഗരത്തില്‍ ആരംഭിച്ചത്. സ്വരാജ് റൗണ്ടില്‍ ആഘോങ്ങള്‍ക്കൊപ്പമാണ് മന്ത്രി രാജനും മന്ത്രി ബിന്ദുവും പങ്കെടുത്തത്. ക്രിസ്മസ് ഗാനങ്ങള്‍ക്കൊപ്പം ചുവടുവച്ച് മന്ത്രിമാരും ചടങ്ങ് ആഘോഷമാക്കി.


ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കിയിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് തൃശൂര്‍ അതിരൂപത പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പരിപാടി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ദു:ഖാചരണം കാരണം അദ്ദേഹം എത്തിയില്ല. പങ്കെടുക്കേണ്ടിയിരുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനും മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാൻ ഡല്‍ഹിക്ക് പോയി. ഇതൊന്നും പരിഗണിക്കാതെയാണ് മന്ത്രിമാർ ആഘോഷത്തിന് എത്തിയത്.
Previous Post Next Post