ദമാസ്‌കസ് വിമാനത്താവളത്തില്‍ നിന്ന് ഒരു സ്വകാര്യ വിമാനത്തിലാണ് അസദ് പോയതെന്നാണ് രണ്ടു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബഷാര്‍ അല്‍ അസദിന്റെ 24 വര്‍ഷത്തെ ഭരണത്തിന് അവസാനമായെന്ന് വിമത സൈന്യം വ്യക്തമാക്കി. സിറിയന്‍ സൈന്യവും സുരക്ഷാ സേനയും ദമാസ്‌കസ് വിമാനത്താവളം ഉപേക്ഷിച്ചുപോയതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അധികാര കൈമാറ്റത്തിന് സർക്കാർ തയ്യാറാണെന്ന് സിറിയൻ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലി പറഞ്ഞു.
'കഴിഞ്ഞ 50 വര്‍ഷമായി സിറിയ ബാത്തിസ്റ്റ് ഭരണത്തിന്റെ അടിച്ചമര്‍ത്തലിലായിരുന്നു. 13 വര്‍ഷത്തെ കുറ്റകൃത്യം, സ്വേച്ഛാധിപത്യം, കുടിയൊഴുപ്പിക്കല്‍ എന്നിവയെല്ലാം അതിജീവിച്ച് ഒരു നീണ്ട പോരാട്ടത്തിന് ശേഷം അധിനിവേശ ശക്തികളെയും നേരിട്ട് സിറിയ ഇരുണ്ട യുഗം അവസാനിപ്പിച്ച് പുതുയുഗത്തിലേക്ക് പ്രവേശിക്കുകയാണ്. സിറിയ സ്വതന്ത്രമായിരിക്കുന്നു. പുതിയ സിറിയ പരസ്പര സഹകരണത്തോടെയാകും ഇനി പ്രവര്‍ത്തിക്കുക'. വിമത സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.