ദിലീപ് ശങ്കറിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി...



തിരുവനന്തപുരം: സിനിമാ – സീരിയൽ നടൻ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപ് ശങ്കർ താമസിച്ച മുറിയിൽ ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തിയിരുന്നു. ദിലീപ് ശങ്കറിന്റെ മരണത്തിൽ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികത കാണുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. കരൾ രോഗത്തിനുള്ള മരുന്ന് ഈ മുറിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ ഒഴിഞ്ഞ രണ്ട് മദ്യക്കുപ്പികളും ലഭിച്ചിട്ടുണ്ട്. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

തിരുവനന്തപുരം വാൻറോസ് ജം​ഗ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്നി അടക്കം ഹിറ്റ് സീരിയലുകളിൽ അഭിനയിച്ച താരമാണ് ദിലീപ് ശങ്കർ. സീരിയൽ അഭിനയത്തിനായാണ് അദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത് എന്നാണ് വിവരം. രണ്ട് ദിവസമായി അദ്ദേഹത്തെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ സീരിയലിൽ ഒപ്പം അഭിനയിക്കുന്നവർ ഉൾപ്പെടെ ഹോട്ടലിലേയ്ക്ക് എത്തിയിരുന്നു. തുടർന്ന് ജീവനക്കാർ മുറി തുറന്ന് നോക്കിയപ്പോഴാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ദുർഗന്ധവും വമിച്ചിരുന്നു.

Previous Post Next Post