സൗദി കോടതി വിധി പറയുന്നത് മാറ്റി; റഹീമിന്‍റെ മോചനം വൈകും



റിയാദ്: സൗദി അറേബ്യയിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്‍റെ മോചനം വൈകും. റിയാദ് ക്രിമിനൽ കോടതി വിധി പറയുന്നത് മാറ്റി വച്ചതിനെത്തുടർന്നാണ് മോചനം വൈകുമെന്ന് ഉറപ്പായത്. സൗദി സ്വദേശിയുടെ കുട്ടി മരണപ്പെട്ട കേസിൽ 18 വർഷമായി ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് അബ്ദുൾ റഹീം. കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട ദിയാ ധനമായ 36 കോടി രൂപ കോടതി വഴി നൽകിയതിനെത്തുടർന്ന് വധശിക്ഷ റദ്ദാക്കിയിരുന്നു.

വധശിക്ഷ റദ്ദാക്കിയത്തോടെ പ്രൈവറ്റ് ഒഫന്‍സുമായി ബന്ധപ്പെട്ട കേസ് അവസാനിച്ചു. പബ്ലിക് ഒഫന്‍സുമായി ബന്ധപ്പെട്ട കേസ് ആണ് കോടതി പരിഗണിക്കുക. മോചന ഉത്തരവ് ഉണ്ടായാല്‍ അത് അപ്പീല്‍ കോടതിയും ഗവര്‍ണറേറ്റും അംഗീകരിച്ച ശേഷമായിരിക്കും ജയില്‍ മോചനം ഉണ്ടാവുക.
റഹീമിന്‍റെ മോചത്തിനായി സമാഹരിച്ച ഫണ്ടില്‍ ബാക്കിയുള്ള പതിനൊന്നരക്കോടി രൂപ മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാൻ ധാരണയായി. റഹീമിന്‍റെ അഭിപ്രായം കൂടി കേട്ട ശേഷം അന്തിമ തീരുമാനമെന്ന് നിയമ സഹായ സമിതി വ്യക്തമാക്കി. റഹീമിന്‍റെ മോചനത്തിനായി 47 കോടി 87 ലക്ഷത്തി 65,347 രൂപയാണ് ആകെ സമാഹരിച്ചതെന്ന് നിയമ സഹായ സമിതി അറിയിച്ചു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സമിതി കണക്ക് പുറത്തുവിട്ടത്. ദിയ ധനം ഉൾപ്പെടെയുള്ള ചെലവ് 36 കോടി 27 ലക്ഷത്തി 34,927 രൂപയാണ്. ബാക്കി 11 കോടി 60 ലക്ഷത്തി 30,420 രൂപ ട്രസ്റ്റ് അക്കൗണ്ടിൽ ഉണ്ട്. ഈ തുക എന്ത് ചെയ്യണമെന്ന് റഹീം നാട്ടിൽ തിരിച്ചെത്തിയ ശേഷം യോഗം ചേർന്ന് തീരുമാനിക്കുമെന്നും സമിതി അറിയിച്ചു.
Previous Post Next Post