ആലപ്പുഴ ഷാൻ വധക്കേസ്: ഹൈകോടതി ജാമ്യം റദ്ദാക്കിയ​ പ്രതികൾ ഒളിവിൽ



ആലപ്പുഴ: എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അ​ഡ്വ. കെ.എസ്​. ഷാനിനെ വധിച്ച കേസിൽ ഹൈകോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ ഒളിവിൽ. ഇവർ വ്യാഴാഴ്ച കോടതിയിൽ കീഴടങ്ങാൻ വാറന്‍റ്​ പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രതികളുടെ ജാമ്യക്കാർക്ക്​ നോട്ടീസ്​ അയക്കാൻ ആലപ്പുഴ അഡീഷനൽ സെഷൻസ്​ കോടതി-മൂന്ന് ജഡ്ജി എസ്​. അജി​കുമാർ ഉത്തരവിട്ടു. ​പ്രതികളുടെയും വാദിയുടെയും അഭിഭാഷകരുടെ വാദമുഖങ്ങൾ കേട്ടശേഷം തുടർനടപടിക്കായി ​കേസ്​ ജനുവരി ഏഴിലേക്ക്​ മാറ്റി.

കുറ്റകൃത്യ ത്തിൽ നേരിട്ട്​ പങ്കാളികളായ, കേസിലെ രണ്ടുമുതൽ ആറുവരെയുള്ള പ്രതികളായ ആലപ്പുഴ കോമളപുരം അവലൂകുന്ന്​ തൈവെളിവീട്​​ വിഷ്ണു, പൊന്നാട്​ കുന്നുമ്മന്മേലിൽ സനന്ദ്​​, മാരാരിക്കുളം സൗത്ത്​ കടുവെട്ടിയിൽ വീട്ടിൽ അഭിനന്ദു, മണ്ണഞ്ചേരി കോമളപുരം ഒറ്റക്കണ്ടത്തിൽ അതുൽ, സൗത്ത്​ ആര്യാട്​ കിഴക്കേവെളിയത്ത്​ ധനീഷ്​ എന്നിവരുടെ ജാമ്യമാണ്​ ഹൈകോടതി റദ്ദാക്കിയത്​. ഇവർ കോടതിയിൽ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിൽ കോടതി വീണ്ടും വാറന്‍റ്​​ പുറപ്പെടുവിച്ചു.

കേസിൽ 11 പേരാണ്​ പ്രതികളായിട്ടുള്ളത്​. ഇതിൽ ​മണ്ണഞ്ചേരി സ്വദേശികളായ ശ്രീരാജ്, പ്രസാദ്​, കൊക്കോതമംഗലം സ്വദേശി മുരുകേശൻ, പൊന്നാട്​ സ്വദേശി പ്രണവ്​ എന്നിവർ കോടതിയിൽ ഹാജരായി. അസുഖബാധിതനായതിനാൽ പ്രതികളായ കൊല്ലം ക്ലാപ്പന സ്വദേശി ശ്രീനാഥ്, കാട്ടൂര്‍ സ്വദേശി രതീഷ് എന്നിവർ എത്തിയിരുന്നില്ല. സ്​പെഷൽ പ്രോസിക്യൂട്ടർ പി.പി. ഹാരിസ്​ ഹാജരായി.

Previous Post Next Post