കന്യാകുമാരി - കശ്മീർ ട്രെയിൻ യാത്ര യാഥാർഥ്യമാകുന്നു, രാജ്യം കാത്തിരുന്ന ഉദ്ഘാടനം ജനുവരിയിലുണ്ടായേക്കും





ഡൽഹി : കാശ്മീർ താഴ്‌വരയിലേക്ക് രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി, ജമ്മു-കശ്മീർ റൂട്ടിൽ അഞ്ച് എസി സ്ലീപ്പർ ട്രെയിനുകളും വന്ദേ ഭാരത് ചെയർ കാറുകളും പരീക്ഷിക്കാൻ റെയിൽവേ. യാത്രക്കാരുടെയും ട്രെയിനുകളുടെയും സുരക്ഷയ്ക്കായി, ട്രെയിനുകളിൽ കയറുന്ന യാത്രക്കാർക്ക് എയർപോർട്ട് മാതൃകയിലുള്ള സുരക്ഷാ പരിശോധന നടത്തും. ജനുവരി 5 ന് ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ പാതയുടെ കത്ര-റിയാസി ഭാഗത്തിൻ്റെ അന്തിമ പരിശോധന റെയിൽവേ സുരക്ഷാ കമ്മീഷണർ നടത്തുന്നത് കണക്കിലെടുത്ത് തയ്യാറെടുപ്പ് ദ്രുതഗതിയിലാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
ട്രെയിനിൻ്റെ ഉദ്ഘാടനത്തിനൊപ്പം, കശ്മീരിലെ പൂർത്തിയായ ഇസഡ് മോർ തുരങ്കവും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, കത്ര-റിയാസി സെക്ഷനിൽ കാർഗോ ലോഡഡ് ട്രെയിനിൻ്റെ ട്രയൽ റൺ വിജയകരമായി നടത്തി. സർവീസ് ആരംഭിക്കുന്നതോടെ കശ്മീരിനും കന്യാകുമാരിക്കും ഇടയിലുള്ള റെയിൽ ഗതാഗതം പൂർത്തിയാകും. നേരത്തെ ജനുവരി 26ന് ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു സൂചന. എന്നാൽ, സ്വാമി വിവേകാനന്ദൻ്റെ ജന്മവാർഷികമായതിനാൽ ജനുവരി 12 ന് ഉദ്ഘാടനം ചെയ്തേക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 
കശ്മീരിലേക്കുള്ള ട്രെയിനുകളിൽ യാത്രക്കാർ കയറുന്ന പ്ലാറ്റ്‌ഫോമുകളിൽ പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തുമെന്ന്  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചരക്കുകൾ, ലഗേജ്, യാത്രക്കാർ എന്നിവ സൂക്ഷ്മമായി പരിശോധിക്കുന്നതിന് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കും. വിമാനങ്ങളിൽ കയറുന്നതിന് മുമ്പ് നടത്തുന്ന പരിശോധനക്ക് സമാനമായിരിക്കും സുരക്ഷാ സംവിധാനം.
Previous Post Next Post