ദുർഘടമായ വനപാതയിലൂടെ യാത്ര….വഴി തടഞ്ഞ് ആനയും കാട്ടുപോത്തും…ഒടുവിൽ അമ്മയ്ക്കും നവജാത ശിശുവിനും തുണയായത്…




ക്രിസ്മസ് ദിനത്തിൽ സ്നേഹത്തിന്റെയും നന്മയുടെയും മാതൃകയായി മാറിയിരിക്കുകയാണ് പാലക്കാട് കൈകാട്ടി നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍. ഇന്നലെ രാത്രിയിലാണ് പാലക്കാട് സീതാര്‍കുണ്ട് താമസിക്കുന്ന അതിഥി തൊഴിലാളിയായ സുജയ് സര്‍ദാറിന്റെ ഭാര്യ സാമ്പ (20) ആശുപത്രിയിലേക്കുള്ള യാത്ര മദ്ധ്യേ പ്രസവിക്കുന്നത്. സാമ്പയെയും നവജാത ശിശുവിനെയും ഏറെ പണിപ്പെട്ടാണ് നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ പാലക്കാടുള്ള ആശുപത്രിയിൽ എത്തിക്കുന്നത്. അതി ദുർഘടമായ കാനനപാതയിലൂടെ വളരെ ബുദ്ധി മുട്ടി അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിലെത്തിച്ച ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചിരിക്കുകയാണ് ഇപ്പോൾ ആരോഗ്യമന്ത്രി വീണ ജോർജ്.

കഴിഞ്ഞ ദിവസം സാമ്പയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് സാംബയുടെ ഭർത്താവ് നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്‌ളിക് ഹെല്‍ത്ത് നഴ്‌സായ സുദിനയെ വിവരം അറിയിച്ചു. നെല്ലിയാമ്പതി ആരോഗ്യ കേന്ദ്രത്തില്‍ ഉടന്‍ എത്തിച്ചേരാന്‍ അവരോട് നിര്‍ദേശിക്കുകയും മെഡിക്കല്‍ ഓഫീസറും ഗൈനക്കോളജിസ്റ്റുമായ ഡോ. ലക്ഷ്മിയുടെ നിര്‍ദേശ പ്രകാരം സുദിനയും നഴ്‌സിംഗ് അസിസ്റ്റന്റ് ജാനകിയും ആശുപത്രിയില്‍ പ്രസവം എടുക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തു. അതിനിടെ സാമ്പയും സര്‍ദാറും ജീപ്പില്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു. അവരോടൊപ്പം ഫാര്‍മസിസ്റ്റ് മിദിലാജും അനുഗമിച്ചു. എന്നാല്‍ ദുര്‍ഘടം പിടിച്ച യാത്രയില്‍ ആശുപത്രിയില്‍ എത്തും മുന്നേ യുവതി കുഞ്ഞിന് ജന്മം നല്‍കി.

വളരെ പെട്ടെന്ന് സുരക്ഷിതരായി നെല്ലിയാമ്പതി ആരോഗ്യ കേന്ദ്രത്തില്‍ അവരെ എത്തിച്ചു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സുദിനയും നഴ്‌സിംഗ് അസിസ്റ്റന്റ് ജാനകിയും പരിചരണത്തിനായി സജ്ജരായി നിന്നു. പ്രാഥമിക പരിശോധനയില്‍ യുവതിയുടെ ആരോഗ്യനില മോശമാണെന്നും ജീപ്പില്‍ നിന്ന് മാറ്റാന്‍ കഴിയാത്ത സാഹചര്യമാണെന്നും മനസിലാക്കി. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ജീപ്പില്‍ വച്ച് തന്നെ പൊക്കിള്‍ക്കൊടി മുറിക്കുകയും മറ്റ് പരിചരണങ്ങള്‍ നല്‍കുകയും ചെയ്തു.

തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിക്കാനായി കൈകാട്ടിയില്‍ നിന്നും സുദിനയും ജാനകിയും അവരോടൊപ്പം അനുഗമിച്ചു. കൈകാട്ടി ആശുപത്രിയില്‍ നിന്ന് പുറപ്പെട്ട് കുറച്ച് കഴിഞ്ഞപ്പോള്‍ യാത്രാമദ്ധ്യേ ഒരു ആന ജീപ്പ് തടഞ്ഞു. പുറകോട്ട് വാഹനം എടുക്കാനായി നോക്കിയപ്പോള്‍ വഴിയില്‍ കാട്ടു പോത്തും തടസം സൃഷ്ടിച്ചു. അവിടെ നിന്നും മുന്നോട്ട് പോകുവാന്‍ ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചറുടെ സഹായം തേടി.

ഏകദേശം 2 മണിക്കൂര്‍ വന്യമൃഗങ്ങള്‍ക്കിടയില്‍ അവര്‍ കാട്ടില്‍ കുടുങ്ങി. ഈ സമയമത്രയും അമിത രക്തസ്രാവം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളും ശുശ്രൂഷയും ഉള്‍പ്പെടെയുള്ളവ ഡോക്ടറുടെ നിര്‍ദേശ പ്രകാരം നല്‍കിക്കൊണ്ടിരുന്നു. മുലയൂട്ടല്‍ തുടരാനും ഡോക്ടര്‍ സുദിനയോട് നിര്‍ദ്ദേശിച്ചു. ഇത് അമ്മയ്ക്ക് പ്രസവാനന്തരം ആവശ്യമായ ഓക്സിടോസിന്‍ ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നതിനും രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന ഹൈപ്പോഗ്ലൈസീമിയ അവസ്ഥയില്‍ നിന്നും കുഞ്ഞിനെ രക്ഷിക്കുന്നതിനും സഹായിച്ചു.

വന്യമൃഗങ്ങളിൽ നിന്ന് അമ്മയെയും നവജാത ശിശുവിനെയും സംരക്ഷിക്കാനായി ഫോറസ്റ്റ് റേഞ്ചറുമെത്തിയതോടെ കൂട്ടായ പരിശ്രമങ്ങൾക്കൊടുവിൽ അമ്മയെയും കുഞ്ഞിനെയും നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കാൻ കഴിഞ്ഞു. ഡോ. ലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം അമ്മയ്ക്കും കുഞ്ഞിനുമാവശ്യമായ എല്ലാ വിവിധ പരിചരണങ്ങളും നൽകി. യുവതിക്കും കുഞ്ഞിനും വിദഗ്ധ പരിചരണമാവശ്യമായതിനാൽ പിന്നീട് ഇരുവരെയും പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സ്ഥിതിയിൽ പ്രശ്നങ്ങളില്ല. 
Previous Post Next Post