പാലക്കാട്: നെറ്റിപ്പട്ടം കെട്ടി തലയെടുപ്പോടെ എഴുന്നള്ളിപ്പ്. ആനയല്ല, പകരം ഓട്ടോറിക്ഷ ആണെന്ന് മാത്രം. ഉത്സവങ്ങളോട് അനുബന്ധിച്ച് ആന എഴുന്നള്ളത്തിലും വെടിക്കെട്ടിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ പാലക്കാട് ഉത്സവ കമ്മിറ്റികളുടെ പ്രതിഷേധം വേറിട്ടതായിരുന്നു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ആനയ്ക്ക് പകരം ഓട്ടോറിക്ഷകൾ നെറ്റിപ്പട്ടം കെട്ടിച്ച് എഴുന്നള്ളിച്ചായിരുന്നു പ്രതിഷേധം
നെറ്റിപ്പട്ടം കെട്ടിയ അഞ്ച് ഓട്ടോറിക്ഷകൾ, പഞ്ചവാദ്യത്തിൻ്റെ അകമ്പടി, ഒപ്പം മേള പ്രമാണിമാരും ആസ്വാദകരും. കാണികളെ അഭിവാദ്യം ചെയ്ത് എഴുന്നള്ളിപ്പ് നഗരം ചുറ്റി. അഞ്ച് വിളക്ക് പരിസരത്ത് നിന്നും കളക്ട്രേറ്റിന്മുന്നിൽ വരെയായിരുന്നു നീണ്ട പ്രതീകാത്മക പൂരം. ഉത്സവ നടത്തിപ്പിലെ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പാലക്കാട് നഗരത്തിൽ വിവിധ ഉത്സവ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധപ്പൂരം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകൾ ഇടപെട്ട് നിയമനിര്‍മാണം നടത്തി പ്രതിസന്ധി പരിഹരിക്കണമെന്നാണ് ആവശ്യം. പാലക്കാട് ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിവിധ ക്ഷേത്രോത്സവ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ജനപ്രതിനിധികളും സമരത്തിൻ്റെ ഭാഗമായി. മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതിലാണ് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് പ്രധാന മാര്‍ഗനിര്‍ദേശം. തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിര്‍ത്തരുതെന്നത് ഉള്‍പ്പെടെ മറ്റു നിരവധി മാര്‍ഗനിര്‍ദേശങ്ങളും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. നല്ല ഭക്ഷണം, വിശ്രമം എന്നിവക്കൊപ്പം എഴുന്നള്ളിക്കാൻ ആവശ്യമായ സ്ഥലം, പൊതുജനങ്ങളിൽ നിന്ന് നിശ്ചിത ദൂരം എന്നിവ പരിശോധിച്ച് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.