തിരുവനന്തപുരത്ത് വര്‍ഗ്ഗീയ കലാപം ലക്ഷ്യമിട്ടുള്ള പോസ്റ്ററുകള്‍ നഗരത്തില്‍ പതിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് നിഗമനം : കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നഗരത്തില്‍ നടന്ന പല സംഭവങ്ങള്‍ക്ക് പിന്നിലും ആസൂത്രിത സ്വഭാവം ഉണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍ !



നഗരത്തിലെ ചില പോക്കറ്റുകളില്‍ മതതീവ്രവാദികള്‍ക്ക് സുരക്ഷിതമായ താവളമൊരുക്കുന്നവരും ഉണ്ട്. ചില ഹോട്ടലുകള്‍ മൊബൈല്‍ ഷോപ്പുകള്‍, ചെറിയ റെഡിമെയ്ഡ് ഷോപ്പുകള്‍, ഇറച്ചിക്കടകള്‍ തുടങ്ങി ഇതര സംസ്ഥാനത്തൊഴിലാളികള്‍ ജോലിചെയ്യുന്ന നിരവധി സ്ഥാപനങ്ങള്‍ നഗരത്തിലുണ്ട്. ചില സ്ഥലങ്ങളില്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ ഇതര സംസ്ഥാനത്തൊഴിലാളികളെ താമസിപ്പിക്കുന്ന ലേബര്‍ ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

പത്തും പതിനഞ്ചും പേര്‍ വീതമുള്ള ചെറിയ ചെറിയ ഗ്രൂപ്പുകളായാണ് ഇവര്‍ താമസിക്കുന്നത്. ഓരോ മാസവും ആളുകള്‍ മാറിക്കൊണ്ടിരിക്കും. ആരൊക്കെയാണ് വരുന്നതെന്നോ താമസിക്കുന്നതന്നോ സമീപവാസികള്‍ക്കോ പോലീസിനോ പോലും അറിയില്ല. ഇവരില്‍ കൊടുംകുറ്റവാളികള്‍ മുതല്‍ തീവ്രവാദസംഘടകളിലെ അംഗങ്ങള്‍ വരെയുണ്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുമായാണ് ഇവര്‍ ലേബര്‍ ക്യാമ്പുകളില്‍ താമസിക്കുന്നത്. ഇത്തരക്കാര്‍ കാരണം ജോലിചെയ്ത് ജീവിക്കാന്‍ വരുന്ന അന്യസംസ്ഥാനത്തൊഴിലാളികളെ വരെ ജനങ്ങള്‍ സംശയത്തോടെയാണ് നോക്കുന്നത്. ഇത്തരത്തില്‍ മതതീവ്രവാദികള്‍ താവളമാക്കുന്ന സ്ഥലങ്ങളില്‍ മണക്കാട് കമലേശ്വരം അമ്പലത്തറ മുട്ടത്തറ തുടങ്ങിയ പ്രദേശങ്ങളുമുണ്ട്. അനധികൃത മത പാഠശാലകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

നഗരത്തില്‍ പാലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ പതിച്ച സംഭവത്തിനു പിന്നിലെ ലക്ഷ്യം വര്‍ഗീയ കലാപം തന്നെ. കൊച്ചിയില്‍ നിന്ന് എന്‍ഐഎ സംഘം തിരുവനന്തപുരത്തെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞ ദിവസം മണക്കാട് മതസ്പര്‍ദ്ധയുണ്ടാക്കുന്ന പോസ്റ്ററുകള്‍ പതിപ്പിച്ചതിന് ഉത്തരേന്ത്യന്‍ സ്വദേശിയായ മുഹമ്മദ് ഇഖ്ബാലിനെ ഫോര്‍ട്ട് പോലീസ് പിടികൂടിയിരുന്നു. ഇയാള്‍ക്ക് ഭീകര ബന്ധമുണ്ടെന്ന സംശയത്തെതുടര്‍ന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.

മണക്കാട് യുഎഇ കോണ്‍സുലേറ്റിനു സമീപത്തെ അല്‍
ഹസന്‍ ഹോട്ടലിലെ ജീവനക്കാരനായ മുഹമ്മദ് ഇഖ്ബാലിന്റെ മണക്കാട് പടന്നാവ് ലെയ്‌നിലെ താമസസ്ഥലത്ത് പോലീസ് റെയ്ഡ് നടത്തുകയും ഭീകര സ്വഭാവമുള്ള ലഘുലേഖകളുള്‍പ്പെടെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ബംഗാള്‍ വിലാസത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഇയാളില്‍ നിന്നും ലഭിച്ചിട്ടുണ്ടെങ്കിലും ഇത് വ്യാജമാണെന്നും ഇയാള്‍ ബംഗ്ലാദേശ് പൗരനാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. സാമൂഹ്യ സ്പര്‍ദ്ദയ്‌ക്കും കലാപ ലക്ഷ്യത്തിനുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുന്ന കാര്യവും പരിശോധിക്കുന്നതായി ഫോര്‍ട്ട് പോലീസ് അറിയിച്ചു. താന്‍ ഒറ്റയ്‌ക്കാണ് പോസ്റ്ററൊട്ടിച്ചതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. കൂട്ടാളികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശീലനം ലഭിച്ചയാളെപ്പോലെയാണ് ഇയാളുടെ പെരുമാറ്റം. ഇംഗ്ലീഷ് ഭാഷ നല്ല വശമുള്ളയാളാണ്.

ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട് വാടകയ്‌ക്ക് നല്‍കിയ കല്ലാട്ട്മുക്ക് സ്വദേശിയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഇയാള്‍ ഹാജരായിട്ടില്ല. ഹോട്ടലുടമകളെയും സഹതൊഴിലാളികളെയും വിശദമായി ചോദ്യം ചെയ്തു വരുന്നു.
Previous Post Next Post