നിരൂപകന്‍ എംആര്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു


തൃശൂര്‍: സാഹിത്യ നിരൂപകനും അധ്യാപകനുമായിരുന്ന എംആര്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. എറണാകുളത്തെ സാന്ത്വന പരിചരണ കേന്ദ്രത്തില്‍ ഇന്നുപുലര്‍ച്ചെ 1.15ന് ഹൃദയാഘാതം മൂലമാണ് മരണം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിവിധ ആശുപത്രികളിലെ ചികിത്സയ്ക്ക് ശേഷം രണ്ടുദിവസം മുന്‍പാണ് ഇവിടെ പ്രവേശിപ്പിച്ചത്.

തൃശൂര്‍ പോട്ടോരിലായിരുന്നു ജനനം  തൃശൂര്‍ വിവേകോദയം ബോയ്‌സ് സ്‌കൂള്‍, കേരളവര്‍മ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ശ്രദ്ധേയനായ നിരൂപകനായിരുന്നു എംആര്‍സി. അന്‍പതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. നിരൂപണത്തില്‍ കേരള സാഹിത്യ ആക്കാദമി അവാര്‍ഡും വിവര്‍ത്തനത്തിന് എംഎന്‍ സത്യാര്‍ഥി പുരസ്‌കാരവും നേടിയിട്ടുണ്ട്.

അക്കാദമിയുടെ ജനറല്‍ കൗണ്‍സിലിലും നിര്‍വാഹകസമിതിയിലും അംഗമായിരുന്നു, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ്, സിന്‍ഡിക്കേറ്റ്, തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ എന്നിവയിലും അംഗമായിരുന്നു. മുണ്ടശേരിയുടെ നവജീവന്‍, മാതൃഭൂമി ദിനപത്രം തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കൊടകര നാഷണല്‍ ഹൈസ്‌കൂളിലും കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലും അധ്യാപകനായിരുന്നു. പയ്യന്നൂര്‍ കോളജില്‍ നിന്നാണ് വിരമിച്ചത്. എകെപിസിടിഎ നേതാവായിരുന്നു. ഭാര്യ പരേതയായ വിജയകുമാരി.
Previous Post Next Post