ഉമ തോമസ് എം.എൽ.എക്ക് വീണ് ഗുരുതര പരിക്കേറ്റുവെന്ന മാധ്യമവാർത്തകൾക്ക് താഴെ പരിഹാസ, അധിക്ഷേപ കമന്റുകളുമായി രാഷ്ട്രീയ എതിരാളികൾ. ഉമയുടെ രാഷ്ട്രീയ നിലപാടുകളെ അപകടവുമായി കൂട്ടിച്ചേർത്ത് പരിഹസിച്ചാണ് കമന്റുകൾ. എം.എൽ.എയെ വ്യക്തിഹത്യനടത്തുന്ന പരാമർശങ്ങളും ധാരാളമുണ്ട്. ധൃതി ഒന്നുമില്ല പതുക്കെ സുഖം പ്രാപിച്ചാൽ മതി.പ്രത്യേകിച്ചു കാര്യമൊന്നുമില്ല’ ‘വെറുതെ ധൃതി കാണിക്കേണ്ടായിരുന്നു അതല്ലേ വീണത്’ ‘ആവശ്യമില്ലതെ വെറുതെ വലിഞ്ഞുകയറെണമായിരുന്നേ എന്തിനാ ഇത്ര തിരക്ക് ആർക്കാണ് ഇത്ര തിരക്ക്.‘പ്രായം ആയില്ലേ അമ്മച്ചി ശ്രദ്ധിക്കണ്ടേ, എന്തിനാ ഇത്രയും ധൃതി. ഏതായാലും പതുക്കെ ആണെങ്കിലും സുഖം പ്രാപിക്കട്ടെ..’ ‘മറ്റാർക്കും ധൃതിയില്ലെങ്കിലും ധൃതിയിൽ ആശുപത്രിയിലെത്തിക്കുക ധൃതിയിൽ ചികിത്സ നടത്തുക. എന്നിങ്ങനെ പോകുന്നു കമന്റുകൾ. സി.പി.എം അനുകൂലികളാണ് ഇത്തരം കുറിപ്പുകൾ അധികവും എഴുതിയിരിക്കുന്നത്.
പ്രവർത്തകരുടെ ഇത്തരം മോശം കമന്റുകളിൽ സഹികെട്ട് സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി അടക്കമുള്ളവർ പരസ്യമായി രംഗത്തെത്തി. ‘ശ്രീമതി ഉമ തോമസിന് ഒരു അപകടം സംഭവിച്ചിരിക്കുന്നു, നാളെ എനിക്കോ നിങ്ങൾക്കൊ സംഭവിക്കാവുന്ന ഒന്ന്. അങ്ങനെയുള്ള അവസരങ്ങളിൽ അവരുടെ മുൻ അഭിപ്രായപ്രകടനങ്ങൾ എടുത്തുവെച്ച് ചർച്ചചെയ്യുക എന്നുള്ളത് ആധുനിക സമൂഹത്തിലെ മനുഷ്യർക്ക് യോജിക്കാത്തതാണ്. അഭിപ്രായവ്യത്യാസങ്ങൾ നിലനിർത്തികൊണ്ട് തന്നെ ഇത്തരം അവസരങ്ങളിൽ കൂടെ നിൽക്കുക എന്നതാണ് പുരോഗമന രാഷ്രീയത്തിന്റെ വക്താക്കൾ ചെയ്യേണ്ടുന്നത്.. എത്രയും പെട്ടെന്ന് ആരോഗ്യവതിയായി അവർ അവരുടെ കർമമണ്ഡലത്തിൽ വ്യാപ്രിതയാവട്ടെ’ -എന്നായിരുന്നു ബിനീഷിന്റെ പ്രതികരണം.