കണ്ണൂ‍ർ എഡിഎം നവീൻ ബാബുവിൻ്റെ മരണം: പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്...

 


മരിച്ച നിലയിൽ കാണപ്പെട്ട കണ്ണൂ‍ർ എഡിഎം നവീൻ ബാബുവിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ പൂർണ്ണ ഉള്ളടക്കം പുറത്ത്.നവീൻ ബാബു തൂങ്ങിമരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.സംശയകരമായ പരുക്കുകളോ പാടുകളോ ശരീരത്തിൽ ഇല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. തലയോട്ടിക്ക് പരിക്കില്ലെന്നും വാരിയെല്ലുകൾക്ക് ക്ഷതമില്ലെന്നും റിപ്പോർട്ട് പറയുന്നു. ഇടത് ശ്വാസകോശത്തിൻ്റെ മുകൾഭാഗം നെഞ്ചിൻ്റെ ഭിത്തിയോട് ചേർന്ന നിലയിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പേശികൾക്കും പ്രധാന രക്തക്കുഴലുകൾക്ക് പരിക്കില്ല. തരുണാസ്ഥി, കശേരുക്കൾ എന്നിവയ്ക്കും പരിക്കില്ലെന്നും അന്നനാളം സാധാരണ നിലയിലായിരുന്നവെന്നും റിപ്പോ‍ർട്ട് വ്യക്തമാക്കിയിട്ടുണ്ട്.

നവീൻ ബാബുവിൻ്റെ കണ്ണുകൾ അടഞ്ഞിരിക്കുകയായിരുന്നെന്നും മൂക്ക്, വായ, ചെവി എന്നിവയ്ക്ക് പരിക്കില്ലെന്നും വ്യക്തമാക്കുന്നു. ചുണ്ടിന് നീല നിറമായിരുന്നു, പല്ലുകൾക്കും മോണകൾക്കും കേടില്ല, നാവ് കടിച്ചിരുന്നു, വിരലിലെ നഖങ്ങൾക്ക് നീല നിറമായിരുന്നു, ശരീരം അഴുകിയതിൻ്റെ ലക്ഷണങ്ങളില്ല, വയറും മൂത്രാശയവും ശൂന്യമായിരുന്നുവെന്നും റിപ്പോ‍ർട്ട് വ്യക്തമാക്കുന്നു.

അതേസമയം നവീൻ ബാബുവിന്റെ മൃതദേഹത്തിൽ ഇൻക്വസ്റ്റ് പരിശോധന നടത്തും മുൻപ് തങ്ങളെ അറിയിച്ചില്ലെന്ന് വ്യക്തമാക്കി കുടുംബം രംഗത്ത് വന്നു.മൃതദേഹത്തിൽ പോസ്റ്റ്‌മോർട്ടം പരിയാരം മെഡിക്കൽ കോളേജിൽ നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലേ പോസ്റ്റ്മോർട്ടം നടത്താൻ പാടുള്ളൂവെന്ന് കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇൻക്വസ്റ്റ് കഴിഞ്ഞു എന്നുള്ള വിവരമാണ് പൊലീസ് അറിയിച്ചത്. അതിനുമുൻപ് അനുമതി നേടിയിരുന്നില്ല. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. കോടതിയെ അറിയിച്ചത് ആശങ്കകളും സംശയങ്ങളും മാത്രമാണ്. മൃതദേഹത്തിന്റെ ആന്തരിക അവയവങ്ങൾ പോലും സൂക്ഷിച്ചിട്ടില്ലെന്നും കുടുംബം പ്രതികരിച്ചു.

Previous Post Next Post